പന്തളം കേരളവര്‍മ്മയുടെ 129-ാം ജയന്തി ഇന്ന്

Webdunia
പന്തളം കേരളവര്‍മ്മയുടെ 129-ാം ജയന്തി ഇന്ന്

തിരുവനന്തപുരം: മഹാകവി പന്തളം കേരളവര്‍മ്മയുടെ 129-ാം ജയന്തിയാണ് തിങ്കളാഴ്ച.. . പന്തളം കൊട്ടാരത്തില്‍ 1879 ജനുവരി 21ന്‍`ആയിരുന്നു അദ്ദേഹം ജനിച്ചത്.

പദംകൊണ്ടു പന്താടുന്ന പന്തളമെന്നു വിശേഷിക്കപ്പെട്ട പന്തളത്ത് കേരളവര്‍മ്മയുടെ രചനകള്‍ നിയോക്ളാസിക് കാവ്യാപാരമ്പര്യത്തിന്‍റെ ഭാഗമാണ്. ഹ്രസ്വായുസ്സായിരുന്ന അദ്ദേഹം സമൃദ്ധമായ രചനാ ജീവിതത്തിനുടമയാണ്.

40 വര്‍ഷത്തെ ജീവിതത്തിനിടയില്‍ സംസ്കൃതത്തിലും മലയാളത്തിലുമായി നൂറിലധികം ഖണ്ഡകാവ്യങ്ങള്‍ ഉള്‍പ്പൈടെ വിവിധ സാഹിത്യജനുസ്സുകളിലായി നിരവധി കൃതികള്‍ കേരളവര്‍മ രചിച്ചു.

1914 ല്‍ തിരുവനന്തപുരത്ത് ഇംഗ്ളീഷ് ഹൈസ്കൂളില്‍ ഭാഷാധ്യാപകനായി. 1905 ല്‍ പൂര്‍ണ്ണമായും കവിത മാത്രമുള്ള കവനകൗമുദി എന്ന ദ്വൈവാരപ്രസിദ്ധീകരണം ആരംഭിച്ചു. കത്തും പുസ്തകനിരൂപണവും പരസ്യവും ഉള്‍പ്പൈടെ എല്ലാം കവിതയിലായിരുന്നു കവനകൗമുദിയില്‍.

മുഖ്യകൃതികള്‍: സുംഭനിസുംഭവധം മണിപ്രവാളം, ഭുജംഗസന്ദേശം, വഞ്ചീശശതകം, ഭാഗീരഥി വഞ്ചിപ്പാട്ട്, രുഗ്മാംഗദചരിതം (മഹാകാവ്യം), വിജയോദയം, ശ്രീമൂലരാജ വിജയം ഓട്ടന്‍തുള്ളല്‍, ശബരിമലയാത്ര, ശ്രീമൂലപ്രകാശിക, കഥാകൗമുദി, വേണീസംഹാരം (നാടകവിവര്‍ത്തനം).

കേരളവര്‍മ്മയുടെ രുഗ്മാംഗദചരിതത്തില്‍ നിന്ന്:

അനന്തസല്‍ക്കീര്‍ത്തി പുലര്‍ത്തി നിത്യ-
മനന്തമേല്‍ മേദ്ധ്യയയോദ്ധ്യ മുന്നം
അനന്തശായിപ്രിയരാജധാനി-
യനന്തരായം വിലസീ വിശാലം.

പുരന്ദരന്‍തന്‍ പുരുഭൂതിവായ്ക്കും
പുരന്ദരം പൂണ്ടിടുമപ്പുരാഗ്യ്രം
ചിരന്ദളന്മഞ്ജുളസൂനരാജി-
മരന്ദഗന്ധാഞ്ചിതമായിരുന്നു.

വിമാനമേറി സ്ഥിതിചെയ്യുവോര്‍ക്കും
വിമാനനയ്ക്കേതുമിടംപെടാതെ
സുമാനനന്മാര്‍ സുമസായകന്നു
സമാനരായ് തത്ര ലസിച്ചിരുന്നു.

ധരാലസല്‍പുഷ്പകയായി, വിദ്യാ-
ധരാഢ്യയാമപ്പുരി മേല്ക്കുമേലേ
പരാഭയായോരളകാപുരിക്കും
പരാഭവം ചേര്‍ത്തു തെളിഞ്ഞിരുന്നു.