ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്.

Webdunia
WDWD
ഞാനാദ്യമിറക്കിയത് ഒരു കുട്ടിക്കവിതാ പുസ്തകമാണ്. തൊളളായിരത്തി അന്പതിലോ അന്പത്തിരണ്ടിലോ എന്നോര്‍മ്മയില്ല ആ പുസ്തകത്തിന്‍റെ ഒരു കോപ്പി പോലും ഇപ്പോള്‍ കൈയ്യിലില്ലാത്തതിനാല്‍ നോക്കി സംശയം തീര്‍ക്കാന്‍ വയ്യ.

ഒരു കുട്ടിക്കവിതാ പുസ്തകമാണത്. അതിലെ കുട്ടിക്കവിതകള്‍ മുഴുവന്‍ രാമനാട്ടുകരയില്‍ വച്ചെഴുതിയതാണ്. അന്ന് ഞാന്‍ രാമനാട്ടു കര ഹൈസ്ക്കുളില്‍ മിഡില്‍ ക്ളാസ് അധ്യാപകനായിരുന്നു.

സെക്കണ്ടറി ട്രെയിന്‍ഡ് അധ്യാപകന്‍. താമസിച്ചിരുന്നത് പുത്തന്‍ വീട്ടില്‍ മാനുക്കുട്ടമേനോന്‍റെ വീട്ടില്‍. അവിടെ വച്ച് അദ്ദേഹത്തിന്‍റെ രണ്ടുകുട്ടികളെ പഠിപ്പിച്ചിരുന്നു.

രണ്ടു ചെറിയ കുട്ടികള്‍. അവരിലൊരാള്‍ സ്ക്കൂളില്‍ പോയി തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്പോള്‍ ചിലപ്പോള്‍ എനിക്ക് കൊച്ചു കൊച്ചു കവിതകളുണ്ടാകും.

അതവര്‍ക്ക് ചൊല്ലിക്കൊടുക്കും. അവരെക്കൊണ്ട് ചൊല്ലിക്കും. അവയില്‍ പലതും അവര്‍ നിഷ്പ്രയാസം ചൊല്ലിയിരുന്നു.

അങ്ങനെ ഒരു പത്തിരുപത് കവിത ആയപ്പോള്‍ എനിക്ക് അവയെല്ലാം ചേര്‍ത്ത് ഒരു കൊച്ചു പുസ്തകമായി അച്ചടിക്കണമെന്ന് തോന്നി.

പുസ്തകമാക്കണമെങ്കില്‍ ഒര് പേര് വേണ്ടേ."കുട്ടികള്‍ പാടുന്നു' എന്ന് കൊടുക്കാനാണ് തോന്നിയത്. അങ്ങനെ തോന്നാനൊരു കാരണമുണ്ട്.

അക്കാലത്ത് ബാലാമണിയമ്മ" അവര്‍ പാടുന്നു' എന്നൊരു കവിതാ സമാഹരമിറക്കിയിട്ടുണ്ട് . അന്ന് ഞാന്‍ ആ പുസ്തകം നേരില്‍ കണ്ടിരുന്നോ എന്നോര്‍മ്മയില്ല ( പിന്നീടൊരിക്കല്‍ കാണുക മാത്രമല്ല വായിക്കുക തന്നെ ചെയ്തിട്ടുണ്ട് നിശ്ഛയം)

ഏതായാലും അവര്‍ പാടുന്നു എന്ന പേരില്‍ നിന്നാണ് എനിക്കൈന്‍റെ പുസ്തകത്തിന് " കുട്ടികള്‍ പാടുന്നു ' എന്ന് കൊടുക്കാന്‍ തോന്നിയത്. അങ്ങനെ കൊടുക്കുകയും ചെയ്തു.



തുടര്‍ന്ന് ഞാന്‍ ഇറക്കിയ പുസ്തകങ്ങളില്‍ മിക്കതിന്‍റെയും പേര് രണ്ട് വാക്കിലുളളതാണ്. ഉണ്ടനും ഉരുളിയും, ഉലക്കയും ഇരട്ട മരണവും ,നല്ല കഥകള്‍, അമൃത കഥകള്‍, കഥാ സൂക്തങ്ങള്‍, നാടും വീടും, ഊണ് തൊട്ട് ഉറക്കം വരെ, ചെറിയ കുട്ടിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍ , നോണ്‍സെന്‍സ് കവിതകള്‍, കുഞ്ഞുണ്ണിയുടെ കവിതകള്‍.

എന്‍റെ പേരും, ചെറുതെങ്കിലും, മൂന്നക്ഷരം മാത്രമുളളതാണെങ്കിലും കുഞ്ഞ്, ഉണ്ണി, എന്നീ രണ്ടുവാക്കുകള്‍ ചേര്‍ന്നുണ്ടായതാണല്ലോ. ജീവിതത്തില്‍ പക്ഷേ, ഞാനൊറ്റയാണുതാനും

( മേല്‍പ്പറഞ്ഞ,"കുട്ടികള്‍ പാടുന്നു'എന്ന എന്‍റെ ഈ കുട്ടിക്കവിതാ പുസ്തകം ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അതൊന്നെനിക്ക് അയച്ചു തന്നാല്‍ അതിലെ കവിതകള്‍ മുഴുവന്‍ പകര്‍ത്തിയെടുത്ത് പുസ്തകം നന്ദിപൂര്‍വ്വം മടക്കി അയച്ചുതരാം.)

അന്ന് കിട്ടിയിരുന്ന ന്യൂസ് പ്രിന്‍റ് കടലാസിലാണ് പുസ്തകം അച്ചടിച്ചത് . ചട്ട അന്ന് സ്ക്കൂള്‍ കുട്ടികള്‍ക്കുളള 40 പേജ് നോട്ട്ബുക്കിന്‍റെ ചട്ടക്കുപയോഗിക്കുന്നതിനെക്കാള്‍ കട്ടികുറഞ്ഞ റോസ് നിറത്തിലുളള കടലാസും. (എക്സര്‍സൈസ് പുസ്തകം ഞങ്ങള്‍ കുട്ടികള്‍ എക്സൈസ് പുസ്തകം എന്നാണ് പറയാറ്)

പുസ്കത്തിന്‍റെ വലിപ്പം ക്രൗണോ ഡമ്മിയോ ആയിരുന്നില്ല ഒരു പേരും ഇടാന്‍ വയ്യാത്ത ഒരു പ്രത്യേക വലിപ്പം. നീളത്തിലും വീതിയിലും ഏടുകളുടെ എണ്ണത്തിലും നാല്‍പ്പത്പേജ് പുസ്കകത്തേക്കാള്‍ ചെറുത്.

കുട്ടികളുടെ മനഃപാഠപുസ്തകത്തെക്കാള്‍ വലുത്. എന്തുകൊണ്ടിങ്ങനെ ഒരു കണക്കിലും പെടാത്ത പുസ്തകമാക്കി എന്ന് ചോദിച്ചാല്‍ അന്ന് വാങ്ങാന്‍ കിട്ടിയിരുന്ന പ്രിന്‍￉ിംഗ് പേപ്പറിന്‍റെ ഒരു പായ മടക്കിയപ്പോള്‍ ഉണ്ടായ വലിപ്പമതായിരുന്നു എന്നത് തന്നെ




പ്രസിലെ ഫോര്‍മാന്‍ രാമന്‍ നായര്‍ പുസ്തകത്തിന്‍റെ വലിപ്പം ഇങ്ങനെയാക്കുകയാണ് ചെലവ് കുറയാന്‍ നല്ലത് എന്ന് നിര്‍ദ്ദേശിച്ചു . പുസ്തകം ഇങ്ങനെയാണ് അടിച്ചത് എന്നതിനാല്‍ വെറും രണ്ടണക്ക് (ഇന്നത്തെ പന്ത്രണ്ട് പൈസ)പുസ്കകം വില്‍ക്കാന്‍ കഴിഞ്ഞു.

പുസ്കകത്തിന്‍റെ ആയിരം കോപ്പി അച്ചടിച്ചു. എത്ര വലിയ സാഹിത്യകാരന്മാരുടെ പുസ്കകവും ആയിരം കോപ്പിയെ അടിക്കുക പതിവൂളളൂ. രണ്ടോമൂന്നോ കൊല്ലം കൊണ്ടേ ചെലവാകാറുമുളളൂ. എന്‍റെ പുസ്കകത്തിന്‍റെ തൊളളായിരത്തി എണ്‍പത് കോപ്പിയും ഏകദേശം ഒന്നോ രണ്ടോ ആഴ്ചകൊണ്ട് വിറ്റ് കാശ് കിട്ടി.

വാങ്ങിയവര്‍ക്ക് ആര്‍ക്കും തന്നെ ഒരു പൈസപോലും കമ്മീഷന്‍ കൊടുക്കേണ്ടി വന്നില്ല. പത്ത് കോപ്പി ഞാന്‍ അന്നത്തെ ഏറ്റവും വലിയ പുസ്ക ക കച്ചവടക്കാരായ കോഴിക്കോട്ടെ മിഠായി തെരുവിലുളള പി. കെ. ബ്രദേഴ്സില്‍ വില്‍പ്പനയ്ക്കു കൊടുത്തു.

ഒരെണ്ണം വീട്ടിലേക്കും ഒരെണ്ണം അച്ഛന്‍റെ ഇല്ലത്തേക്കും അയച്ചുകൊടുക്കുകയുണ്ടായി. പുസ്കകം നന്നായില്ല എന്നും അതിലെ കവിതകള്‍ നന്നായിട്ടില്ല എന്നും എന്‍റെ വലിയ ഓപ്പോളും ഇല്ലത്തെ ശ്രീദേവിയും ആയിടെ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ പറയുകയുണ്ടായി.

പത്തു പുസ്കകം ഞാന്‍ ഒറ്റപ്പാലത്തുളള ഒരു മുറുക്കാന്‍ പീടികയിലാണ് കൊടുത്തത്. ആ മുറുക്കാന്‍ പീടിക താല്‍ക്കാലികമായി ഉണ്ടായതായിരുന്നു, കേരള സാഹിത്യ പരിഷത്തിന്‍റെ ഒരു മഹാ സമ്മേളനം ഒറ്റപ്പാലത്ത് നടന്ന സ്ഥലത്ത്

അന്ന് ഇന്ത്യയിലെ വൈസ് പ്രസിഡന്‍റോ, പ്രസിഡന്‍റോ ആയിരുന്ന സര്‍. എസ്. രാധാകൃഷ്ണനായിരുന്നു സമ്മേളനത്തിന്‍റെ ഉദ്ഘാടകന്‍. സമ്മേളനത്തില്‍ മഹാകവി വളളത്തോള്‍ നാരായണമേനോന്‍ തൊട്ട് അന്ന് ജീവിച്ചിരുന്ന പ്രശസ്തരായ എല്ലാ കവികളും പങ്കെടുത്തിരുന്നു.



ഇവരെയെല്ലാം ഒരുമിച്ച് കാണാമല്ലോ എന്ന് വിചാരിച്ചാണ് അന്ന് ഞാനും രാമനാട്ട് കര ഹൈസ്ക്കൂളില്‍ ഹെഡ്മാസ്റ്ററായിരുന്ന ചന്തുക്കുട്ടി മാഷും കൂടി പോയത്.

സമ്മേളനം ഒരു ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മണിതൊട്ട് രാത്രി വളരെ വൈകുന്നത് വരെ നീണ്ടു. അതു കഴിഞ്ഞ് എന്തെല്ലാമോ കലാപാരിപാടികളുണ്ടായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ.

എല്ലാം കഴിഞ്ഞ് പിറ്റേന്ന് രാവിലെ മടങ്ങിപ്പോരുന്പോള്‍ എന്‍റെ പത്തു പുസ്തകത്തില്‍ വല്ലതും വിറ്റുപോയോ എന്ന് ഞാന്‍ ആ കടക്കാരനോട് ചോദിച്ചില്ല.

കാരണം ഒന്നും വിറ്റില്ല, പത്തു പുസ്തകവും മടക്കിക്കൊണ്ടുപൊയ്ക്കോളൂ എന്നദ്ദേഹം പറയേണ്ടി വന്നത് കേള്‍ക്കേണ്ടി വന്നാലോ എന്ന നാണക്കേട് അനുഭവിക്കാനുളള ധൈര്യം എനിക്കന്നുണ്ടായിരുന്നില്ല.

ആ പത്തു പുസ്തകം ആ കച്ചവടക്കാരന്‍ അതിലെ ഏടുകളോരോന്നായി കീറി മുറിച്ച് കടലയോ മുറുക്കാനോ പൊതിഞ്ഞ് കൊടുക്കാനോ ഉപയോഗിച്ചിട്ടുണ്ടാവുമോ.

ഉണ്ടെങ്കില്‍ അതിലെ കവിത ആ വീടുകളിലൊന്നിലെങ്കിലും ആരെങ്കിലും വായിച്ചിട്ടുണ്ടാകുമോ? അതോ, അദ്ദേഹത്തിന്‍റെ വീട്ടിലുളള ചെറിയ കുട്ടികള്‍ക്കും അയല്‍പ്പക്കത്തെ ചെറിയ കുട്ടികള്‍ക്കും കൊടുത്തിരിക്കുമോ? എങ്കില്‍ ഞാന്‍ ധന്യനായി.


ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്.
എന്‍റെ ആദ്യത്തെ പുസ്തകം

എന്‍റെ ഈ പുസ്തകം സ്വയം വായിച്ച് പഠിച്ചിട്ടാവാം അല്ലെങ്കില്‍ അതിലെ കവിത അധ്യാപകര്‍ വായിച്ചു കൊടുത്തിട്ടാവാം രാമനാട്ടുകരയിലെ ഒരു കുട്ടി,

കോവാലന്‍ പൂവാലന്‍
കന്നാലിവാലിന്മേലൂഞ്ഞാലാടിക്കളിക്കുന്നു
ഞാനെന്‍റെ വീട്ടിലടുക്കളേലമ്മേടെ
വാലിന്മേല്‍തൂങ്ങിക്കരയുന്നു

എന്ന കവിത ഈണത്തില്‍, ഉച്ചത്തില്‍ ചൊല്ലി രസിക്കുന്നത് അവന്‍ കാണാതെ കേട്ടാനന്ദിക്കാനുളള ഭാഗ്യം എനിക്കുണ്ടായി.

ഒരു കവിക്കുണ്ടാകാവുന്ന ഏറ്റവും വലിയ ആനന്ദം എനിക്ക് എന്‍റെ കാവ്യ ജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെയുണ്ടായി. ആ പുസ്തകത്തിലെ,

അയ്യയ്യാ പാടത്ത്
നെല്ല് വിളഞ്ഞ് കിടക്കുന്നു
അയ്യയ്യാ അയ്യയ്യാ
എന്തൊരു ചന്തം കണ്ടില്ലേ

എന്ന് തുടങ്ങുന്ന പാട്ട് കുട്ടികള്‍ ഈണത്തില്‍ ചൊല്ലി നടക്കുന്നുണ്ടെന്ന്, അത് കേട്ട രാമനാട്ടുകര സേവാ മന്ദിരത്തിലെ രാധാകൃഷ്ണമേനോന്‍ എന്നോട് പറയുകയുണ്ടായി.

ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്.