സ്നേഹത്തിന്‍റെ കഥ പറയാനാണ് ലോഹിതദാസ് എന്ന തിരക്കഥാകാരന്‍ എന്നും ശ്രമിച്ചത്. അതൊരു വലിയ ആക്ഷന്‍ സിനിമയാണെങ്കിലും പറയുന്നത് സ്നേഹത്തിന്‍റെ കഥയായിരിക്കും. ജോഷിക്ക് വേണ്ടി എഴുതിയ ‘കൌരവര്‍’ തന്നെ നോക്കുക. മമ്മൂട്ടി - ജോഷി ടീമിന്‍റെ ഒന്നാന്തരം ആക്ഷന്‍ ത്രില്ലറാണ് കൌരവര്‍. പക്ഷേ ആത്യന്തികമായി അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥയാണ് അത്.
സിബി മലയിലിന് വേണ്ടി ധനം എന്ന ചിത്രം ലോഹിതദാസ് ചെയ്തുകൊണ്ടിരിക്കുന്ന സമയം. വളരെ പ്രത്യേകതയുള്ള ഒരു കഥയായിരുന്നു ധനത്തിന്‍റേത്. അതുകൊണ്ടുതന്നെ ലോഹിതദാസ് അതിന്‍റെ ലൊക്കേഷനില്‍ ഏതാണ്ട് മുഴുവന്‍ സമയവും ഉണ്ടായിരുന്നു. അതേസമയം തന്നെ ലോഹിതദാസ് മമ്മൂട്ടിക്ക് ഒരു സിനിമ എഴുതിക്കൊടുക്കാം എന്നുപറഞ്ഞിരുന്നു. ലോഹിയുടെ തന്നെ നാടകമായ ‘സിന്ധു ശാന്തമായൊഴുകുന്നു’ എന്ന കഥയാണ് മമ്മൂട്ടി വേണ്ടി ആലോചിച്ചിരുന്നത്.
ഏറെനാള്‍ കഴിഞ്ഞിട്ടും ‘സിന്ധു ശാന്തമായൊഴുകുന്നു’ തിരക്കഥ ഒന്നുമായിരുന്നില്ല. ഒരു കഥ ഇഷ്ടമായാല്‍ പിന്നെ അതിന്‍റെ പിന്നാലെ കൂടുന്ന ആളാണല്ലോ മമ്മൂട്ടി. ഒരു ദിവസം മമ്മൂട്ടി ‘ധന’ത്തിന്‍റെ ലൊക്കേഷനിലെത്തി. തനിക്കുവേണ്ടിയുള്ള കഥ എന്തായി എന്നാരാഞ്ഞു. കഥ പൂര്‍ണമാണെങ്കിലും തിരക്കഥ ലോഹി തുടങ്ങിയിട്ടുപോലുമില്ല. എന്നാല്‍ ആ സമയത്ത് ലോഹിയുടെ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്ന മറ്റൊരു കഥയുടെ ത്രെഡ് മമ്മൂട്ടിയോട് അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ടുപോയ മകളെയോര്‍ത്ത് ഉരുകുന്ന ഒരച്ഛന്‍റെ കഥ. അവള്‍ ജീവനോടെയുണ്ടെന്ന് മനസിലാകുമ്പോള്‍, ജീവിതത്തിലെ ഏറ്റവും അടുത്ത മിത്രങ്ങളെപ്പോലും ശത്രുനിരയില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്ന ഒരു മനുഷ്യന്‍റെ കഥ. ‘കൌരവര്‍’ എന്നാണ് കഥയ്ക്ക് പേരിട്ടിരിക്കുന്നത്. കഥ കേട്ടതോടെ മമ്മൂട്ടി ‘സിന്ധു ശാന്തമായൊഴുകുന്നു’ മറന്നു. കൌരവര്‍ മതിയെന്നും ഇത് ജോഷിയോട് പറയണമെന്നും മമ്മൂട്ടി നിര്‍ദ്ദേശിച്ചു.
കൌരവര്‍ വലിയ വിജയമായ ഒരു സിനിമയായിരുന്നു. അത് ഒരേസമയം ജോഷി ചിത്രവുമാണ്, ലോഹി ചിത്രവുമാണ്. മമ്മൂട്ടിക്കൊപ്പം തിലകന്‍, കന്നഡ സൂപ്പര്‍താരം വിഷ്ണുവര്‍ധന്‍, ബാബു ആന്‍റണി, ഭീമന്‍ രഘു, മുരളി തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം, പാലക്കാട്, തൃശൂര്‍, കോഴിക്കോട് തുടങ്ങി പത്തോളം പ്രമുഖ നഗരങ്ങളില്‍ മൂന്ന് തിയേറ്ററുകളില്‍ വീതം നാല്‍പ്പതോളം ദിവസം തുടര്‍ച്ചയായി കളിച്ചു കൌരവര്‍. തെലുങ്കിലേക്കും കന്നഡയിലേക്കും ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. എസ് പി വെങ്കിടേഷ് ഈണമിട്ട മികച്ച ഗാനങ്ങള്‍ കൌരവരുടെ പ്രത്യേകതയായിരുന്നു.
വാല്‍ക്കഷണം: ‘സിന്ധു ശാന്തമായൊഴുകുന്നു എന്ന നാടകം പിന്നീട് ‘ആധാരം’ എന്ന പേരില്‍ സിനിമയായി. ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത ആ സിനിമയില്‍ മുരളി ആയിരുന്നു നായകന്‍.