രാജമാണിക്യത്തിന് 15 വയസ്, ആ ചിത്രത്തിന്‍റെ ബജറ്റ് എത്രയായിരുന്നു എന്നറിയുമോ?

സുബിന്‍ ജോഷി

ചൊവ്വ, 3 നവം‌ബര്‍ 2020 (21:44 IST)
മമ്മൂട്ടി തിരുവനന്തപുരം ഭാഷയിൽ തകർത്തഭിനയിച്ച സിനിമയായിരുന്നു രാജമാണിക്യം. ഈ ചിത്രം റിലീസായിട്ട് ഇന്നേക്ക് 15 വർഷം തികയുകയാണ്. 2005 നവംബർ മൂന്നാം തീയതിയാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് രാജമാണിക്യം.
 
സായി കുമാർ, മനോജ്‌ കെ ജയൻ, റഹ്മാൻ, പത്മപ്രിയ, സിന്ധു മേനോൻ, രഞ്ജിത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ടി എ ഷാഹിദായിരുന്നു ചിത്രത്തിന് രചന നിര്‍വഹിച്ചത്.
 
ഒരു വ്യാഴവട്ടത്തിന് മുമ്പുള്ള സിനിമയുടെ രാജമാണിക്യത്തിന്‍റെ ബോക്‍സോഫീസ് കണക്കുകള്‍ ഇപ്പോഴത്തെ കാലവുമായി താരതമ്യം ചെയ്യുക എന്നതൊരു സുഖമുള്ള ഏര്‍പ്പാടാണ്. ഇന്നത്തെ ടിക്കറ്റ് നിരക്ക് ആലോചിക്കുമ്പോള്‍ പ്രത്യേകിച്ചും.
 
ആദ്യ നാലാഴ്ച കൊണ്ട് അന്ന് രാജമാണിക്യം അഞ്ചുകോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്‍റെ മൊത്തം കളക്ഷനായി 16 കോടി രൂപ വന്നു എന്നാണ് കണക്ക്. ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വച്ച് ഈ 16 കോടിയെ ഒന്ന് കണ്‍‌വര്‍ട്ട് ചെയ്ത് നോക്കൂ. രാജമാണിക്യം 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാകുമെന്ന് ഉറപ്പ്.
 
ഈ സിനിമയുടെ ചെലവ് എത്രയായിരുന്നു എന്നറിയുമോ? പരസ്യം ചെയ്തതുള്‍പ്പടെ 2.30 കോടി രൂപ മാത്രമായിരുന്നു ചെലവ്. തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടി തകര്‍ത്തുവാരിയ ബെല്ലാരി രാജ എന്ന കഥാപാത്രത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. രാജമാണിക്യത്തിന് തിരക്കഥയെഴുതിയ ടി എ ഷാഹിദ് ഇന്നില്ലെങ്കിലും. അന്‍‌വര്‍ റഷീദ് അത്തരം മാസ് ചിത്രങ്ങളുടെ മേക്കിങ്ങില്‍ നിന്ന് മാറിനില്‍ക്കുന്നു എങ്കിലും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍