ഹസ്ബന്‍ഡ്സ് ഹാപ്പി, ചട്ടമ്പി സൂപ്പര്‍ഹിറ്റ്

Webdunia
തിങ്കള്‍, 18 ജനുവരി 2010 (20:27 IST)
PRO
പുതിയ റിലീസായ ഹാപ്പി ഹസ്ബന്‍ഡ്സ് മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. ഒരു ജയറാം ചിത്രത്തിന് ഇത്രയും മികച്ച വരവേല്‍പ്പ് ഇതിനു മുമ്പുണ്ടായിട്ടില്ല. ഗംഭീര ഇനിഷ്യല്‍ കളക്ഷനോടെ കുതിപ്പു തുടങ്ങിയ ഹാപ്പി ഹസ്ബന്‍ഡ്സ് എല്ലാ ഷോയും എല്ലാ കേന്ദ്രങ്ങളിലും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരുടെ ഗംഭീര പ്രകടനവും സുരാജ് വെഞ്ഞാറമ്മൂടിന്‍റെ തകര്‍പ്പന്‍ കോമഡിയുമാണ് ചിത്രത്തെ വിജയമാക്കുന്നത്. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ഹിറ്റിന് ശേഷം ഹസ്ബന്‍ഡ്സും ഹിറ്റാകുന്നതോടെ സജി സുരേന്ദ്രന്‍ മലയാളത്തിലെ ഹിറ്റ്‌മേക്കര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്.

‘ഡയാന’ എന്ന കഥാപാത്രമായി റീമ കല്ലുങ്കല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഹാപ്പി ഹസ്ബന്‍ഡ്സ് ഹിറ്റ്ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ചട്ടമ്പിനാട്‌ തന്നെയാണ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. വിജയേന്ദ്ര മല്ലയ്യ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിക്കുന്ന ഈ സിനിമ സംവിധായകന്‍ ഷാഫിയുടെ ഏറ്റവും വലിയ വിജയചിത്രമായി മാറിക്കഴിഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും മിക്ക ഷോയും ഹൌസ് ഫുള്ളായാ‍ണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കന്നഡ ഡയലോഗുകള്‍ക്ക് തിയേറ്ററുകളില്‍ നിറഞ്ഞ കയ്യഡിയാണ്. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ ദശമൂലം ദാമു എന്ന കഥാപാത്രം ചിരിയുടെ അലകള്‍ തീര്‍ക്കുന്നു.

മോഹന്‍ലാലിന്‍റെ ഇവിടം സ്വര്‍ഗമാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച ചിത്രം എന്ന അഭിപ്രായത്തോടെ മുന്നേറുന്ന ‘സ്വര്‍ഗ’ത്തിന് കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് ഗുണം ചെയ്യുന്നത്. മോഹന്‍ലാല്‍, ലാലു അലക്സ്, ശ്രീനിവാസന്‍ എന്നിവരുടെ പെര്‍ഫോമന്‍സാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ലാലു അലക്സിന്‍റെ ആലുവാ ചാണ്ടി എന്ന കഥാപാത്രമാണ് സിനിമയുടെ ഗതിയെ രസകരമാക്കുന്നത്. വരവേല്‍പ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകള്‍ പോലെ തിയേറ്ററുകളില്‍ നന്‍‌മയുള്ള നര്‍മ്മം വിതറുന്ന ഈ ചിത്രത്തിന് റോഷന്‍ ആന്‍ഡ്രൂസിന്‍റെ മികച്ച സംവിധാനവും ജയിംസ് ആല്‍‌ബര്‍ട്ടിന്‍റെ ഇഴയടുപ്പമുള്ള തിരക്കഥയും ഗുണമായി.

മമ്മൂട്ടി - എം ടി - ഹരിഹരന്‍ ടീമിന്‍റെ പഴശ്ശിരാജയാണ് നാലാം സ്ഥാനത്ത്. ബി, സി സെന്‍ററുകളിലും പഴശ്ശിരാജ മികച്ച കളക്ഷനിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നതാണ് ഈ സിനിമയെ ഇത്രയും വലിയ വിജയമാക്കിത്തീര്‍ത്തത്. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത ബ്ലാക്ക് സ്റ്റാലിയണ്‍ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. നമിതയുടെ ഗ്ലാമര്‍ രംഗങ്ങളും കലാഭവന്‍ മണിയുടെ ആക്ഷനുമാണ് ഈ സിനിമയെ ഹിറ്റാക്കുന്നത്. ഗാനരംഗങ്ങള്‍ മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ, ഗുലുമാല്‍ എന്നീ സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ നിന്ന് പുറത്തായി. മമ്മൂട്ടി- ഷാജി കൈലാസ് ടീമിന്‍റെ ‘ദ്രോണ 2010’ ഈയാഴ്ച റിലീസാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.