മലയാളത്തിന് അഭിമാന നിമിഷം; പുലിമുരുകന് കളക്ഷൻ 105 കോടി!

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2016 (10:28 IST)
മലയാളത്തിൻറെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകൻ 100 കോടി ക്ലബിൽ. ചിത്രം റിലീസായി ഒരുമാസം പിന്നിടൂമ്പോഴാണ് ഈ ചരിത്രനേട്ടം. ആദ്യമായാണ് ഒരു മലയാള സിനിമ 100 കോടി ക്ലബിൽ ഇടം നേടുന്നത്. ഇപ്പോൾ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്ന പുലിമുരുകൻ കേരളത്തിൽ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചേക്കും.
 
കേരളത്തിൽ നിന്ന് 60 കോടിയിലേറെ ഇതിനോടകം കളക്ഷൻ നേടിക്കഴിഞ്ഞു. ഇന്ത്യയിലെ മൊത്തം കളക്ഷൻ 77 കോടി പിന്നിട്ടു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇതുവരെയുള്ള കലക്ഷൻ 13.83 കോടിയാണ്.
 
സാറ്റലൈറ്റും ഓഡിയോയും മറ്റ് ബിസിനസുകളും കൂടി പുലിമുരുകൻ റിലീസിനുമുമ്പുതന്നെ 15 കോടി സ്വന്തമാക്കിയിരുന്നു. ഇതുവരെയുള്ള മൊത്തം കളക്ഷൻ പരിശോധിക്കുമ്പോൾ അത് 105 കോടി പിന്നിട്ടുകഴിഞ്ഞു. യൂറോപ്പിലെയും മറ്റും കളക്ഷൻ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
 
ഉദയ്‌കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ മോഹൻലാലിൻറെയും മലയാള സിനിമയുടെ ഏറ്റവും വലിയ ഹിറ്റാകുമ്പോൾ അത് മലയാളാ സിനിമയെ തന്നെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്.
Next Article