10. പളുങ്ക്
ബ്ലെസി സംവിധാനം ചെയ്ത പളുങ്ക് മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിലൊന്നാണ്. 2006ല്‍ റിലീസ് ചെയ്ത ഈ സിനിമയിലെ മോനിച്ചന്‍ എന്ന കഥാപാത്രം നഗരവത്കരണത്തിന്‍റെ ചതിക്കുഴിയില്‍ വീണുപോകുന്ന ഗ്രാമീണനാണ്. അയാളുടെ ദയനീയതയും നിസഹായാവസ്ഥയും മമ്മൂട്ടി ഗംഭീരമാക്കി.
9. അരയന്നങ്ങളുടെ വീട്
2000 ല്‍ റിലീസായ അരയന്നങ്ങളുടെ വീട് സംവിധാനം ചെയ്തത് ലോഹിതദാസാണ്. ജനിച്ച നാടുപേക്ഷിച്ച് അന്യനാട്ടിലേക്ക് ചേക്കേറേണ്ടിവരികയും സ്വന്തം നാടിന്‍റെ ആര്‍ദ്രതയും ഭംഗിയും മനസില്‍ താലോലിച്ച് ജീവിക്കേണ്ടിവരികയും ചെയ്യുന്ന രവീന്ദ്രനാഥ് എന്ന കഥാപാത്രത്തെ മമ്മൂട്ടി ഉജ്ജ്വലമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ രവിക്ക് പക്ഷേ ബന്ധുക്കളില്‍ നിന്ന് ശത്രുത മാത്രമാണ് അനുഭവിക്കാനായത്.
8. ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്
സത്യന്‍ അന്തിക്കാടിന്‍റെ സിനിമകള്‍ മമ്മൂട്ടിക്ക് യോജിച്ചവയല്ല എന്ന് പരക്കെ ഒരു അഭിപ്രായമുണ്ട്. എന്നാല്‍ 1987ല്‍ റിലീസായ ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് അതിനൊരു അപവാദമാണ്. സ്വഭാവികനര്‍മം മമ്മൂട്ടി ഗംഭീരമായി പരീക്ഷിച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ ശ്രീധരന്‍. ശ്രീനിവാസന്‍റെ തിരക്കഥ, നര്‍മമുഹൂര്‍ത്തങ്ങളിലൂടെ ഒരു ചെറുപ്പക്കാരന്‍റെ പ്രണയനഷ്ടത്തെ വരച്ചുകാട്ടുകയായിരുന്നു.
7. ധ്രുവം
1993 ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അധികാരത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അവതാരരൂപമാണ് മന്നാഡിയാര്‍. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ വിരിഞ്ഞ ഈ കഥാപാത്രത്തിന്‍റെ ചുവടുപിടിച്ച് പിന്നീട് സൂപ്പര്‍താരങ്ങള്‍ തന്നെ എത്രയോ വേഷങ്ങള്‍ കെട്ടിയാടി.
6. നയം വ്യക്തമാക്കുന്നു
ബാലചന്ദ്രമേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമ 1991ലാണ് റിലീസായത്. സുകുമാരന്‍ എന്ന രാഷ്ട്രീയനേതാവായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചത്. ഒരു മികച്ച കുടുംബചിത്രമായിരുന്നു അത്. ശാന്തികൃഷ്ണയും മമ്മൂട്ടിയുമൊത്തുള്ള കെമിസ്ട്രി കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചു. ലളിതവും സത്യസന്ധവുമായ ഈ ചിത്രം ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചപോള്‍ അത് ബാലചന്ദ്രമേനോന്‍റെ കരിയറിനും ഗുണം ചെയ്തു.
5. വിചാരണ
കിരീടത്തിലെ സേതുമാധവനെ എല്ലാവരും അറിയും. എന്നാല്‍ ലോഹിതദാസും സിബി മലയിലും ചേര്‍ന്ന് സൃഷ്ടിച്ച മറ്റൊരു സേതുമാധവനുണ്ട്. വിചാരണ എന്ന ചിത്രത്തിലെ അഡ്വ. സേതുമാധവന്‍. ജീവിതത്തിന്‍റെ പന്തയക്കളരിയില്‍ തോറ്റുപോയ ഒരു പാവം മനുഷ്യന്‍. 1988ല്‍ റിലീസായ ഈ സിനിമ പരാജയമായിരുന്നു. സേതുവിന്‍റെ ജീവിതം പോലെതന്നെ.
4. ഒരു മറവത്തൂര്‍ കനവ്
ലാല്‍ ജോസിന്‍റെ ആദ്യ സിനിമയായിരുന്നു ഒരു മറവത്തൂര്‍ കനവ്. ചാണ്ടി എന്ന ക്രിസ്ത്യാനി കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു മമ്മൂട്ടി. ഒരു നാട് മുഴുവന്‍ തെറ്റിദ്ധരിച്ചിട്ടും അങ്ങോട്ടുതന്നെ മടങ്ങിവരേണ്ടി വന്ന സാധുവും നിഷ്കളങ്കനുമായ ചാണ്ടിയെ പ്രേക്ഷകര്‍ സ്വീകരിച്ചു. ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഉരുവംകൊണ്ട മറവത്തൂര്‍ കനവ് റിലീസായത് 1998ലാണ്.
3. കൂടെവിടെ
ക്യാപ്ടന്‍ തോമസ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നെഞ്ചില്‍ തറച്ച ഒരു വികാരമാണ്. പകയുടെയും അസൂയയുടെയും സ്നേഹത്തിന്‍റെയും പ്രതിരൂപമായി മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പത്‌മരാജന്‍ സൃഷ്ടിച്ച കഥാപാത്രമാണ് കൂടെവിടെയിലെ ക്യാപ്ടന്‍ തോമസ്. ഒരു സാധാരണ മനുഷ്യന്‍റെ ചിന്തകളും വിഹ്വലതകളും ഉള്‍ക്കൊണ്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയായിരുന്നു അത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. 1983ലാണ് കൂടെവിടെ റിലീസായത്.
2. കൌരവര്‍
ആന്‍റണി. അധോലോകരാജാവ് അലിയാരുടെ വലംകൈ. പ്രതികാരത്തിന്‍റെ തീച്ചൂളയില്‍ ഉരുകുമ്പോഴും ഒരു അച്ഛന്‍റെ സ്നേഹവായ്പ് ഹൃദയത്തില്‍ സൂക്ഷിക്കുന്നവന്‍. കൌരവര്‍ എന്ന ചിത്രത്തില്‍ ലോഹിതദാസ് എഴുതിയുണ്ടാക്കിയ കരുത്തന്‍ കഥാപാത്രം. ജോഷിയായിരുന്നു സംവിധായകന്‍. ഹൃദയസ്പര്‍ശിയായ ഒരു ആക്ഷന്‍ ചിത്രമായിരുന്നു ഇത്. 1992ലാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തിയത്.
1. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍
ഫാസില്‍ സംവിധാനം ചെയ്ത ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ മമ്മൂട്ടി എന്ന നടന്‍റെ രണ്ടു മുഖങ്ങള്‍ വെളിവാക്കിയ സിനിമയാണ്. പ്രണയനായകനായും മകളോടുള്ള സ്നേഹത്താല്‍ മറ്റെല്ലാത്തിനെയും തള്ളിപ്പറയാന്‍ തുനിയുന്ന അച്ഛനായും ജീവിക്കുകയായിരുന്നു 1987ല്‍ റിലീസായ ഈ സിനിമയില്‍ മമ്മൂട്ടി. ഡോ. വിനയചന്ദ്രന്‍ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെ. ഒരു മിത്ത് പോലെ സുന്ദരമായ കഥയും അതിലെ വിനയചന്ദ്രന്‍ എന്ന കഥാപാത്രത്തെയും മലയാളികള്‍ ഇന്നും ഏറെ സ്നേഹിക്കുന്നു.