ജീവ പുതിയ താരം, ഗൌതം മേനോനുമായി കൂടിക്കാഴ്ച

Webdunia
വ്യാഴം, 12 മെയ് 2011 (20:44 IST)
PRO
തമിഴകത്ത് അടുത്ത സൂപ്പര്‍താരം ഉദിച്ചിരിക്കുന്നു - ജീവ. ‘കോ’ എന്ന ഒറ്റച്ചിത്രം കൊണ്ട് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ് ജീവ സൃഷ്ടിച്ചിരിക്കുന്നത്. ജീവയുടെ ചിത്രങ്ങള്‍ ഇന്ത്യയിലും വിദേശത്തും റിലീസ് ചെയ്യാനുള്ള അവകാശത്തിനായി വിതരണക്കമ്പനികള്‍ മത്സരിക്കുന്നു. ജീവയുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്നു. അതേ, അടുത്ത സൂപ്പര്‍താരം തമിഴകത്ത് ജനിച്ചുകഴിഞ്ഞു.

കെ വി ആനന്ദ് സംവിധാനം ചെയ്ത ‘കോ’ എന്ന ചിത്രം തമിഴ്നാട്ടിലെ സീനിയര്‍ സ്റ്റാറുകളെ ഞെട്ടിച്ചുകൊണ്ടാണ് ജൈത്രയാത്ര തുടരുന്നത്. ആദ്യ രണ്ടു ദിനം കൊണ്ട് അഞ്ചുകോടി രൂ‍പ കളക്ഷന്‍ നേടിയ ഈ സിനിമ നിര്‍മ്മാണച്ചെലവിന്‍റെ പലമടങ്ങ് ഇതിനകം നേടിക്കഴിഞ്ഞു. ‘കോ’യുടെ മഹാവിജയത്തോടെ തന്‍റെ ചുവടുകള്‍ കൂടുതല്‍ ശ്രദ്ധയോടെയാകണമെന്ന് ജീവ തിരിച്ചറിഞ്ഞിരിക്കുന്നു.

‘കോ’യുടെ റിലീസിന് മുമ്പ് ചിത്രീകരണം തുടങ്ങിയ രണ്ടു സിനിമകളുടെ പല രംഗങ്ങളും ജീവയുടെ പുതിയ ഇമേജിനനുസരിച്ച് വീണ്ടും ഷൂട്ട് ചെയ്യുകയാണ്. അതിനിടെ, മറ്റൊരു വലിയ വാര്‍ത്ത എത്തിയിരിക്കുന്നു. ഹിറ്റ്മേക്കര്‍ ഗൌതം വാസുദേവ് മേനോനും ജീവയും അടിയന്തിര കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ ഹിന്ദി റീമേക്കിന് ശേഷം ഗൌതം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജീവ നായകനാകുമെന്നാണ് സൂചന.

സൂപ്പര്‍താരം സൂര്യയ്ക്കു വേണ്ടി ഗൌതം മേനോന്‍ എഴുതിയ തിരക്കഥ ഇനി ജീവയ്ക്കു വേണ്ടി ഉപയോഗിച്ചേക്കും. സൂര്യയ്ക്ക് വലിയ തിരക്കായതിനാല്‍ ഗൌതത്തിന് സമീപകാലത്തെങ്ങും ഡേറ്റ് നല്‍കാനാവില്ല. അതുകൊണ്ടു തന്നെ, സൂര്യയുടെ അനുമതിയോടെ ജീവയെ ആ ചിത്രത്തില്‍ അഭിനയിപ്പിക്കാനാണ് ഗൌതം തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു. ‘തുപ്പറിയും ആനന്ദ്’ എന്നായിരിക്കും ജീവ നായകനാകുന്ന ഗൌതം മേനോന്‍ ചിത്രത്തിന്‍റെ പേര് എന്ന് സൂചനയുണ്ട്.