ഒപ്പത്തിന്റെ മുന്നേറ്റം സമീപകാലത്തൊന്നും കാണാത്ത രീതിയിലാണ്. പ്രിയദര്ശന് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലര്‍ കുടുംബപ്രേക്ഷകരെയാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് എന്നതാണ് കൌതുകം. സാധാരണ ഡാര്‍ക് ഷേഡുള്ള സിനിമകള്‍ക്ക് ഫാമിലി ഓഡിയന്സിന്റെ വരവ് കുറവായിരിക്കും. എന്നാല്‍ ഒപ്പം കളിക്കുന്ന തിയേറ്ററുകള്‍ കുടുംബങ്ങള്‍ കൈയടക്കിയിരിക്കുന്നു.
അതാണ് പ്രിയദര്ശന് മാജിക്. മോഹന്‍ലാലും പ്രിയനും ഒന്നിച്ചുചേരുമ്പോഴുണ്ടാകുന്ന രസതന്ത്രമെന്താണെന്ന് നമ്മുടെ സംവിധായകരും താരങ്ങളും കണ്ടുപഠിക്കണം. പ്രദര്‍ശനത്തിനെത്തി 20 ദിവസങ്ങള്‍ കടന്ന് മുന്നേറുമ്പോള്‍ 30 കോടിയോളമാണ് ഒപ്പത്തിന് കേരളത്തില്‍ നിന്ന് മാത്രം കളക്ഷന്‍ നേടാനായത്.
മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യത്തിന് പുറത്തെയുമുള്ള കളക്ഷന്‍ വേറെ. റെക്കോര്‍ഡ് തുകയ്ക്ക് സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് വാങ്ങിയിരിക്കുന്നു. ന്യൂസിലന്‍ഡില്‍ നിന്നുള്ള വാര്‍ത്ത അവിടെ ഒപ്പത്തിന് നിരന്തരം എക്സ്ട്രാ ഷോകള്‍ വേണ്ടിവരുന്നു എന്നാണ്. യുകെയിലും അയര്‍ലന്‍ഡിലും ഗംഭീര വരവേല്‍പ്പാണ് ഒപ്പത്തിന്.
സാധാരണയായി വാരാന്ത്യങ്ങളില്‍ മാത്രമാണ് ന്യൂസിലന്‍ഡില്‍ മലയാള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ ഉണ്ടാവാറ്. അതുകൊണ്ട് തിയേറ്ററുകളിലും വാരാന്ത്യങ്ങളിലേ മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുള്ളൂ. എന്നാല്‍ അഭൂതപൂര്‍വമായ ജനത്തിരക്ക് കണക്കിലെടുത്ത് ന്യൂസിലന്‍ഡില്‍ റെഗുലര്‍ ഷോയാണ് ഒപ്പത്തിന് നടത്തുന്നത്.
യുകെയിലും അയര്‍ലന്‍ഡിലുമായി 119 കേന്ദ്രങ്ങളിലാണ് ഒപ്പം പ്രദര്‍ശിപ്പിക്കുന്നത്. ഒരു മലയാള ചിത്രം ഇവിടെ ഇത്രയധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.