‘പാപത്തറ’യിലെ കലഹിക്കുന്ന കഥകള്‍ക്ക് പുരസ്കാരം

Webdunia
വ്യാഴം, 28 ഏപ്രില്‍ 2011 (15:56 IST)
PRO
പുരുഷ മേധാവിത്വത്തിന്‍റെ പ്രത്യയശാസ്‌ത്രത്തോട്‌ കലഹിക്കുന്ന ‘പാപത്തറ’യ്ക്ക് ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി പുരസ്കാരം. 33,333 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മേയ്‌ 28ന്‌ കോട്ടയത്ത്‌ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

സാറാ ജോസഫിന്‍റെ ഈ വിഖ്യാത കൃതിക്ക് ജനപ്രിയ സാഹിത്യത്തിന്‍റെ അമരക്കാരന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലഭിച്ചതോടെ ചില സാമ്പ്രദായിക ചട്ടങ്ങള്‍ കൂടിയാണ് പൊളിച്ചെഴുതപ്പെടുന്നത്.

നിയതമായ നിയമാവലിയോടും പ്രത്യയശാസ്ത്ര പിന്തുണയോടും കൂടി മലയാളത്തില്‍ ഫെമിനിസ്റ്റ് സാഹിത്യം ആരംഭിച്ചത് സാറാ ജോസഫിന്‍റെ ‘പാപത്തറ’ വന്നതോടെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുരുഷ മേധാവിത്വത്തിന്‍റെ പ്രത്യയശാസ്‌ത്രത്തോട്‌ കലഹിക്കുന്ന കഥകളാണ് ‘പാപത്തറ’ എന്ന കഥാസമാഹാരത്തിലുള്ളതെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

“സ്ത്രൈണ സ്വത്വത്തിന്‍റെയും സവിശേഷ സൗന്ദര്യത്തിന്‍റെയും മുദ്രകളുളള ഭാഷ. പുരുഷലോകത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിക്കുന്ന കഥകള്‍. ഇന്ദ്രിയാധിഷ്‌ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്‍റെ മണവുമുളള, അര്‍ത്ഥസാന്ദ്രമായ പ്രതീകഘടന ഉള്‍ക്കൊളളുന്ന പെണ്ണെഴുത്ത്” - പാപത്തറയെ പരാമര്‍ശിച്ചുകൊണ്ട് സച്ചിദാനന്ദന്‍ എഴുതി.

പേറ്റുനോവാല്‍ പിടയുമ്പോഴും ആണ്‍കുഞ്ഞിനെ തരണമെന്നു വിലപിക്കുന്നവരും ആണിനും പെണ്ണിനും തുല്യനീതി വന്നിട്ടേ മുടികെട്ടൂ എന്നാക്രോശിക്കുന്നവരും കഥാപാത്രങ്ങളാകുന്ന കഥകള്‍ മനുഷ്യജീവിതത്തിന്‍റെ പുതിയ മുഖം അനാവരണം ചെയ്യുന്നു.

ആലാഹയുടെ പെണ്‍മക്കള്‍, ഒതപ്പ്, മാറ്റാത്തി, ഊരുകാവല്‍, തേജോമയം എന്നിവയാണ് സാറാ ജോസഫിന്‍റെ നോവലുകള്‍. ഒടുവിലത്തെ സൂര്യകാന്തി, മനസ്സിലെ തീ മാത്രം, കാടിന്‍റെ സംഗീതം, നിലാവ് നിറയുന്നു, പാപത്തറ, കാടിതു കണ്ടായോ കാന്താ, പുതുരാമായണം എന്നിവ സാറയുടെ ചെറുകഥാ സമാഹാരങ്ങളാണ്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ സാറാ ജോസഫിന് ലഭിച്ചിട്ടുണ്ട്.