ഇന്ത്യയില്‍ ഒരു മാധ്യമപ്രവര്‍ത്തകനായിരിക്കുക എന്നത് ശ്രമകരമായ ദൌത്യമാണെന്ന് തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ഹേ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്നായി പഠിക്കപ്പെടുകയും സ്വര്‍ണമെഡലുകള്‍ വാങ്ങുകയും ചെയ്യുന്ന നിരവധി ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും നമുക്കിടയിലുണ്ട്. സമൂഹം അവരെ മാത്രമെ ഉപയോഗിക്കുകയുള്ളു. കഴിവു തെളിയിക്കാന്‍ സാധിക്കാത്തവര്‍ ഉയര്‍ന്നുവരുന്നില്ല. ഇതുതന്നെയാണ് മാധ്യമപ്രവര്‍ത്തകനിലും സംഭവിക്കുന്നത്. ഇന്നത്തെ മാധ്യമ സംസ്ക്കാരം നല്ല വളര്‍ച്ച നേടിയിട്ടുണ്ടെങ്കിലും അവയുടെ ശ്രദ്ധാകേന്ദ്രങ്ങള്‍ എപ്പോഴും വളരെ ചെറുതാണ്. ഏതൊരു മാധ്യമപ്രവര്‍ത്തകന്റെയും പ്രധാനലക്‍ഷ്യം വാര്‍ത്തകള്‍ കണ്ടെത്തുകയും ശാരീരികവും മാനസികവും സാമ്പത്തികവുമായി ഉയര്‍ച്ചയിലെത്തുക എന്നതുമാത്രമാണെന്ന് തരുണ്‍ തേജ്പാല്‍ പറഞ്ഞു.
ഇംഗ്ലിഷ് ഭാഷ ഇന്ത്യന്‍ സാഹിത്യത്തിന് വിനാശകരമായി മാറിയിരിക്കുകയാണെന്ന് തരുണ്‍ തേജ്പാല്‍ പറഞ്ഞു. മിക്ക ഇന്ത്യന്‍ എഴുത്തുകാരും ഇംഗ്ളീഷില്‍ എഴുതുന്നത് വെള്ളക്കാരനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ്. എന്നാല്‍ ഇത് ഇന്ത്യന്‍ സാഹിത്യത്തിന് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്യത്തെക്കുറിച്ച് സര്‍ക്കാര്‍ നല്‍കുന്നത് തെറ്റായ കണക്കുകളാണ്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ലക്ഷാധിപതികള്‍ കോടിപതികളായി മാറുകയും ചെയ്യുന്ന സ്ഥിതിയാണ് ഇന്ത്യയില്‍ ഉള്ളത്. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതിവര്‍ഷം പതിനായിരത്തോളം പേരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നത്. ഇത് പ്രാധാന്യത്തോടെ നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും തരുണ്‍ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനില്‍ ആഖ്യാനത്തിന്റെ പ്രാധാന്യം കുറവാണെന്ന് ഇതേ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രമുഖ സാഹിത്യകാരി നയന്‍താര സെയ്ഗാള്‍ അഭിപ്രായപ്പെട്ടു. മതേതരമായ ഒരു ജനാധിപത്യം ഇന്ത്യയ്ക്കുണ്ട്. ജനപ്രിയ മാധ്യമങ്ങള്‍ ഒരുവിഭാഗത്തിന് വേണ്ടി മാത്രം ശബ്ദമുയര്‍ത്തുമ്പോള്‍ ദൂരദര്‍ശനിലേക്ക് മടങ്ങിപ്പോകുക എന്നതാണ് ഏക ആശ്വാസമെന്നും അവര്‍ പറഞ്ഞു. ഓപ്പണ്‍ മാഗസിന്‍ എഡിറ്റര്‍ രാഹുല്‍ പണ്ഡിതയും സംസാരിച്ചു.