കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി, ഒരു കവിള്‍ സിഗരറ്റ് പുകയില്‍ തുടങ്ങി ‘ചെയിന്‍ സ്മോക്കിംഗി’ന് അടിമയാകുന്നവര്‍ക്കും അടിമയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ‘മെയ് 31’ ഒരു മുന്നറിയിപ്പാണ്. പുകയിലയുടെ ദൂഷ്യഫലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് സര്‍ക്കാരുകളും സന്നദ്ധസംഘടനകളും ഈ വര്‍ഷവും വിപുലമായ ഒരുക്കങ്ങളോടെയാണ് ലോക പുകയില വിരുദ്ധദിനം ആചരിക്കാന്‍ ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ തന്റെ നീണ്ടകാലത്തെ പുകവലി ശീലം അവസാനിപ്പിച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ മലയാളികള്‍ക്കൊരു മാതൃകയാവുകയാണ്. തിങ്കളാഴ്ച തൃശൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുകവലി നിര്‍ത്തിയതായി വൈശാഖന്‍ പ്രഖ്യാപിച്ചത്.
“കഥകള്‍ മനസ്സിലാലോചിക്കുമ്പോള്‍ വലിക്കാറില്ലെങ്കിലും എഴുതിത്തുടങ്ങിയാല്‍ സിഗററ്റില്ലാതെ പറ്റില്ലായിരുന്നു. പത്രം വായിക്കുമ്പോള്‍, പ്രഭാതഭക്ഷണം കഴിച്ചാല്‍, ചായ കുടിക്കുന്നതിനിടെ, ഊണുകഴിഞ്ഞാല്‍, പ്രഭാഷണത്തിനു മുമ്പും പിമ്പും, നല്ല പുസ്തക വായനയ്ക്കിടയില്‍, ഉറങ്ങും മുമ്പ്, സുഹൃത്തുക്കളുടെ ഫോണ്‍ വന്നാല്‍, സന്തോഷമായാലും സങ്കടമായാലും... ഇങ്ങനെ പോകുന്നു എന്റെ പുകവലി നേരങ്ങള്‍. ഒടുവില്‍ ഒന്നരമാസം മുമ്പ് കടുത്ത ശ്വാസകോശ അണുബാധ. വലിക്കരുതെന്ന് ഡോക്ടറുടെ ഉപദേശം. അപ്പോഴും പുകവലിക്കാനുള്ള പ്രേരണ ശക്തമായിരുന്നു.”
“എറണാകുളം മഹാരാജാസ് കോളേജില്‍ പ്രീയൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോഴാണ് ആദ്യപുകയെടുത്തത്. പിന്നെ സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായി. കുട്ടികള്‍ക്കിടയില്‍ വലിയ ആളാവാന്‍വേണ്ടി പുകവലി സജീവമാക്കി. പുകവലി ജീവിതത്തിന്റെ ഭാഗം തന്നെയായത് റെയില്‍വേയിലെ ഔദ്യോഗിക ജീവിതത്തിനിടയിലാണ്.”
“റെയില്‍വേ ജീവിതം മതിയാക്കി പാലക്കാട്ടെത്തിയപ്പോഴേക്കും പുകവലിക്കൊപ്പം കടുത്ത ആസ്ത്മയും കൂട്ടിനെത്തി. സര്‍ഗാത്മകതയും പുകവലിയും തമ്മില്‍ ബന്ധമില്ലെന്ന് ഇപ്പോള്‍ മനസ്സിലായി. കാരണം അതില്ലാതെയും എഴുതിയവരുണ്ട്. സ്വന്തം കഴിവ് സിഗരറ്റിനുമേല്‍ ചാര്‍ത്തിക്കൊടുക്കുന്നതെന്തിനാണ്. വലിക്കാതെയും എഴുതാമെന്ന് തെളിയിക്കാനാണ് ഇനിയുള്ള ശ്രമം. എന്റെ ഈ തീരുമാനം ആര്‍ക്കെങ്കിലും മാതൃകയാകുന്നെങ്കില്‍ അത്രയും നല്ലത്. എന്റെ ഈ പ്രഖ്യാപനം ഏതെങ്കിലും പുകവലിക്കാര്‍ക്ക് പുനര്‍വിചിന്തനത്തിന് വഴിയൊരുക്കുമെങ്കില്‍ ജീവിതം ധന്യമായി” - വൈശാഖന്‍ പറഞ്ഞു.
( ചിത്രത്തിന് കടപ്പാട് - ദേവന്റെ ‘എന്റെ ചിത്രങ്ങള്‍/entechithrangal.blogspot.com’ എന്ന ബ്ലോഗ്)