കവിത എഴുത്ത് വയറിളക്കമാണോ?

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2011 (11:26 IST)
PRO
PRO
കേരളത്തില്‍ കവിതയെഴുത്ത് വയറിളക്കം പോലെ പടരുകയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. എഴുത്തില്‍ കഥയും കവിതയുമില്ലാത്ത, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയില്‍ എഴുതിവിടുന്ന കുറേ എഴുത്തുകാരെ കുറെ ഇല്ലാതാക്കേണ്ട സ്ഥിതിയാണ്‌ നാട്ടില്‍ ഉണ്ടായിരിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. വി ടി കുമാരന്‍ മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2011-ലെ വിടി കുമാരന്‍ സ്മാരക കവിതാ പുരസ്കാര വിതരണം നിര്‍വഹിക്കുകയായിരുന്നു മുകുന്ദന്‍.

“മുമ്പ്‌ എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഇപ്പോള്‍ പണം കൈയില്‍ ഉണ്ടെങ്കില്‍ പല ചെറുപ്പക്കാരും പുസ്തകം ഇറക്കുന്ന സ്ഥിതിയാണുള്ളത്‌. ഓരോ ജില്ലയിലും പത്തും അഞ്ഞൂറും കവികളുള്ള വര്‍ത്തമാനകാലത്ത്‌ കവിതയെഴുത്ത്‌ വയറിളക്കംപോലെ പടര്‍ന്നുപിടിക്കുകയാണ്. എഴുത്തില്‍ കഥയും കവിതയുമില്ലാത്ത, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയില്‍ എഴുതിവിടുന്ന കുറേ എഴുത്തുകാരെ കുറെ ഇല്ലാതാക്കേണ്ട സ്ഥിതിയാണ്‌ നാട്ടില്‍ ഉണ്ടായിരിക്കുന്നത്”

“ഉയരം കുറഞ്ഞ മാതാപിതാക്കള്‍ക്കുപോലും ആറടിയിലധികം പൊക്കമുള്ള കുട്ടികള്‍ പിറക്കുന്ന കാലമാണിപ്പോള്‍. ചെറിയ മനുഷ്യര്‍ നടത്തിയ വലിയ വിപ്ലവങ്ങളുടെ കഥകള്‍ കഴിഞ്ഞ കാലത്തുണ്ടായിരുന്നു. എന്നാല്‍, ഇന്ന്‌ ആകൃതിയില്‍ വലുതായി വരുന്ന മലയാളി തീരെ ചെറിയ ജീവിതമാണ്‌ നയിക്കുന്നത്‌. കുമാരന്‍ മാസ്റ്റര്‍ അടക്കമുള്ള ഈ ചെറിയ മനുഷ്യര്‍ വലിയ ജീവിതം നയിച്ചവരായിരുന്നുവെന്ന് ഓര്‍ക്കുന്നത് നന്ന്” - മുകുന്ദന്‍ പറഞ്ഞു.

ഖദീജാ മുംതാസ്‌ അധ്യക്ഷത വഹിച്ചു. യുവ കവിക്കുള്ള വിടി കുമാരന്‍ മാസ്റ്റര്‍ പുരസ്കാരം എസ്‌ കലേഷ്‌ മുകുന്ദനില്‍ നിന്ന്‌ ഏറ്റുവാങ്ങി. പതിനായിരം രൂപയും പി വി കൃഷ്ണന്‍ രൂപകല്പന ചെയ്ത ശില്പവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശിയായ കലേഷ് കൊച്ചിയില്‍ നിന്നിറങ്ങുന്ന സ്മാര്‍ട്ട് ഫാമിലി മാഗസിനില്‍ സീനിയര്‍ സബ് എഡിറ്ററാണ്.

സ്മരണികയുടെ പ്രകാശനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പിപി രഞ്ജിനി നിര്‍വഹിച്ചു. ടി പി മൂസ ഏറ്റുവാങ്ങി. പ്രൊഫസര്‍ കടത്തനാട്ട്‌ നാരായണന്‍, വി ആര്‍ വിജയരാഘവന്‍, വി ആര്‍ രമേശ്‌, ടി കെ വിജയരാഘവന്‍ എന്ന്നിവര്‍ സംസാരിച്ചു.