എഴുത്തിന്റെ ഉള്ളറകള്‍ തേടി ഹേ ഫെസ്റ്റിവല്‍

Webdunia
ശനി, 29 ഒക്‌ടോബര്‍ 2011 (12:52 IST)
PRO
PRO
സാഹിത്യാസ്വാദകര്‍ക്കായി വീണ്ടും അനന്തപുരി ഹേ ഫെസ്റ്റിവലിനെ വരവേല്‍ക്കുന്നു. സംസ്ഥാനത്തെ രണ്ടാമത് ഹേ ഫെസ്റ്റിവല്‍ നവംബര്‍ 17 മുതല്‍ 19 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് നടക്കുക.

ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി കവികള്‍, നോവലിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി നാനാ മേഖലകളില്‍ നിന്നുമുള്ള കലാകാരന്മാര്‍ ഹേ ഫെസ്റ്റിവലില്‍ പങ്കെടുക്കും. കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന കാവ്യ സംഗമത്തില്‍ തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ക്കൊപ്പം കെ സച്ചിദാനന്ദന്‍, അരവിന്ദ് കൃഷ്ണ മെഹ്രോത്ര, അരുന്ധതി സുബ്രമണ്യം തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

സ്പാനിഷ്, തമിഴ്, മലയാളം, ഹിന്ദി, വെല്‍ഷ്, ഐസ്ലാന്റിക്, ഇംഗ്ലിഷ് തുടങ്ങി വിവിധ ഭാഷകളിലെ എഴുത്തുകാര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മാവോ സെ തുങിന്റെ ജീവചരിത്രമെഴുതിയ ജങ് ചാങ്, ബിബിസി അവതാരക നിക് ഗോവിങ്ങ്, ആന്‍ഡ്രൂ റുഹെമാന്‍, അനിതാ നായര്‍, ആഗ്നെസ് ദേശാര്‍ത്ഥെ, സിമോണ്‍ സിംഗ് തുടങ്ങിയവര്‍ അതാതു മേഖലകളിലെ ചര്‍ച്ചകള്‍ നയിക്കും.

ലോകത്തിലേക്ക് ഏറ്റവും മികച്ച സാഹിത്യമേഖലകളില്‍ ഒന്നാണ് ഹേ ഫെസ്റ്റിവല്‍. 24 വര്‍ഷങ്ങള്‍ക്കുമുമ്പ് യു കെ യിലെ വെയില്‍സിലാണ് ഇതിന്റെ ആരംഭം. പിന്നീട് പത്ത് ഫെസ്റ്റിവലുകളുമായി മെക്സിക്കോയില്‍ നിന്ന് കൊളംബിയയിലേക്കും അവിടെ നിന്നും കെനിയയിലേക്കും ബെയ്റൂട്ടിലേക്കും വ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ ആദ്യമായി ഹേ ഫെസ്റ്റിവല്‍ നടന്നത്. ബഹുജനപങ്കാളിത്തം കൊണ്ടും പ്രമുഖരുടെ സാന്നിധ്യം കൊണ്ടും അന്തപുരിയിലെ മേളെ ഏറെ ശ്രദ്ധേയമായിരുന്നു. ടീം വര്‍ക്ക് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ ഹേ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഓരോ എഴുത്തുകാരെയും അവരുടെ കൃതികളെ അടിസ്ഥാനമാക്കി പ്രമുഖര്‍ അഭിമുഖം നടത്തുകയാണ് ഹേ ഫെസ്റ്റിവലിലെ ഒരു രീതി. പ്രേക്ഷകര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇതില്‍ അവസരമുണ്ടാകും. ഒരു പ്രത്യേകവിഷയത്തെ മുന്‍‌നിര്‍ത്തി വിവിധ ഭാഷകളിലെ എഴുത്തുകാര്‍ നടത്തുന്ന ചര്‍ച്ചയാണ് മറ്റൊന്ന്. സാഹിത്യത്തെ മുന്‍‌നിര്‍ത്തി ചൂടേറിയ ചര്‍ച്ചയും വാഗ്വാദങ്ങളും മേളയിലുണ്ടാകും.