എന്റെ പേര് ക്യാറ്റ്; ഡോഗ് അല്ല: വെതറില്‍

Webdunia
ശനി, 19 നവം‌ബര്‍ 2011 (10:47 IST)
PRO
PRO
എന്റെ പേര് ക്യാറ്റ് എന്നാണ്. ഡോഗ് എന്നല്ല, എലിഫന്റ് എന്നല്ല, റാറ്റ് എന്നല്ല, മൌസ് എന്നല്ല. ഹേ ഫെസ്റ്റിവലില്‍ കഥ പറയാനെത്തിയ പ്രമുഖ കഥാകാരി ക്യാറ്റ് വെതറില്‍ ആമുഖമായി പറഞ്ഞതാണ് മുകളില്‍കൊടുത്തിരിക്കുന്നത്. ക്യാറ്റ് ഇതുപറഞ്ഞതും സദസില്‍നിന്നും പൊട്ടിച്ചിരി ഉയര്‍ന്നു. വിസ്മയകരമായിരുന്നു ക്യാറ്റിന്റെ കഥാവതരണം. കഴിഞ്ഞദിവസം സദസിനെ രസിപ്പിച്ചതുകൊണ്ടാകണം, ക്യാറ്റ് കടന്നുവന്നപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് അവരെ സ്വീകരിച്ചത്. ക്യാറ്റിന്റെ കഥ കേട്ട് സദസ്യര്‍ മാത്രമല്ല, ഒപ്പമുണ്ടായിരുന്ന പശ്ചിമാഫ്രിക്കന്‍ കഥാകാരി ജാന്‍ ബ്ലേക്കും ലയിച്ചിരുന്നുപോയി.

വര്‍ഷങ്ങള്‍ക്ക് മുമ്പു വെയ്ല്‍സില്‍ നടന്ന ഒരു ഹേ ഫെസ്റ്റിവലിലൂടെയാണ് ക്യാറ്റ് ആദ്യമായി കഥ പറയുന്നത്. അവിചാരിതമായാണ് അന്നത്തെ ഹേ ഫെസ്റ്റിവലിന് താന്‍ പോയതെന്നും ക്യാറ്റ് പറഞ്ഞു. അതുവരെ നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന തന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത് അന്നത്തെ ഹേ ഫെസ്റ്റിവലാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഒരു കഥാകഥന ക്ലബുമായുള്ള നിരന്തരമായ ഇടപെടലിലൂടെയാണ് താന്‍ ഒരു കഥാകാരിയായി മാറിയതെന്ന് ജാന്‍ ബ്ളേക്ക് പറഞ്ഞു. കഥ പറച്ചിലിനായി പ്രത്യേകിച്ച് മുന്നൊരുക്കങ്ങള്‍ നടത്താറില്ലെന്നും മനസ്സിനെ സ്പര്‍ശിക്കുന്ന കഥകളാണ് താന്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടി പ്രേതകഥകള്‍ എഴുതാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് ക്യാറ്റ് പറഞ്ഞു. പക്ഷേ അതിന് പ്രേക്ഷകശ്രദ്ധ ആവശ്യമാണെന്നും ക്യാറ്റ് പറഞ്ഞു.

കുട്ടികളില്ലാത്ത ഒരു സ്ത്രീയുടെ വേദനയായായിരുന്നു ബ്ലേക്കിന്റെ ആദ്യ കഥയുടെ പ്രമേയം. അയല്‍ക്കാരുടെ പരിഹാസങ്ങളും അവഗണനയും കേട്ട് മനംനൊന്ത അവരുടെ നിരാശാജനകമായ പ്രാര്‍ത്ഥനകള്‍ കേട്ട ദൈവം കുട്ടികളെ വരമായി നല്‍കുന്നു. ഒരേസമയം ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷമാണ് ഈ കഥയില്‍ സംജാതമായത്. ആദ്യം മടിച്ചുനിന്ന സദസിനെ ശിശുസഹജമായ ഈരടികളിലൂടെയും താളങ്ങളിലൂടെയും തമാശാദ്യോതകമായ ആംഗ്യങ്ങളിലൂടെയും ബാല്യ കാലത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകാന്‍ ബ്ലേക്കിന് കഴിഞ്ഞു.