അഴഗിരിയെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമതസ്വരങ്ങള്‍ ഉയരുന്നുവെന്നും ഡിഎംകെ പിളര്‍പ്പിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ട്. പിന്‍ഗാമിയാരെന്നുള്ള മക്കള്‍പ്പോര് രൂക്ഷമായതിനെത്തുടര്‍ന്ന് മകനായ എ കെ അഴഗിരിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പാര്‍ട്ടി അധ്യക്ഷന്‍ എം കരുണാനിധി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ നെപ്പോളിയനുള്‍പ്പടെയുള്ള മൂന്ന് ഡിഎംകെയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ പുറത്താക്കപ്പെട്ട അഴഗിരിയെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചതൊടെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ സ്റ്റാലിനെതിരെ പടയൊരുക്കം ശക്തമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കെ പി രാമലിംഗം, ഡി നെപ്പോളിയന്‍, ജെ കെ റിതീഷ് എന്നിവരാണ് അഴഗിരിയുടെ പിറന്നാള്‍ ദിനമായ ബുധനാഴ്ച അഴഗിരിയുടെ വസതിയിലെത്തി ആശംസയും പിന്തുണയും അറിയിച്ചത്. അച്ചടക്കമില്ലായ്‌മയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ പേരിലാണ് അഴഗിരിയെ കഴിഞ്ഞ ആഴ്ചയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
സ്റ്റാലിനോട് അഴഗിരിക്ക് കടുത്ത വെറുപ്പുണ്ടെന്നും സ്റ്റാലിന്‍ മൂന്നുമാസത്തിനുള്ളില്‍ മരിക്കുമെന്ന് അഴഗിരി പറഞ്ഞതായും കരുണാനിധി ചൊവ്വാഴ്ച പറഞ്ഞിരുന്നു. അഴഗിരിയുടെ വാക്കുകള്‍ ഹൃദയഭേദകമായിരുന്നെന്നും കരുണാനിധി പറഞ്ഞു.