Loksabha Election 2024: ലോകസഭാ തെരെഞ്ഞെടുപ്പില്‍ യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥി?

WEBDUNIA
ബുധന്‍, 21 ഫെബ്രുവരി 2024 (19:10 IST)
വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചന. ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നാകും യുവരാജ് ബിജെപി ടിക്കറ്റില്‍ നിന്നും മത്സരിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
 
നിലവില്‍ നടന്‍ സണ്ണി ഡിയോളാണ് ഗുരുദാസ്പൂരിലെ ബിജെപി എം പി. എന്നാല്‍ മണ്ഡലത്തില്‍ സണ്ണി ഡിയോളിനെതിരെ ജനവികാരം ശക്തമാണ്. ഈ സാഹചര്യത്തിലാണ് യുവരാജിനെ മണ്ഡലത്തില്‍ പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗായിരുന്നു ഇന്ത്യയുടെ 2007,2011 ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചത്. ലോകകപ്പിന് പിന്നാലെ ക്യാന്‍സര്‍ ബാധിതനായ യുവരാജ് രോഗമുക്തി നേടിയ ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മാറിയ മുന്‍ ഇന്ത്യന്‍ താരം നവ്ജ്യോത് സിദ്ധുവും ബിജെപിയില്‍ തിരിച്ചെത്തുമെന്ന് സൂചനയുണ്ട്. അമൃത്സറില്‍ നിന്നാകും സിദ്ധു മത്സരിക്കുക എന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article