ഉഡാല മണ്ഡലത്തിലെ ബിജെഡി സ്ഥാനാർത്ഥി ശ്രീനാഥ് സോറൻ ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വസതിക്കു മുന്നിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്താൻ ശ്രമിച്ച യുവതിയെ ജീവനക്കാർ അവസരോചിതമായി ഇടപെട്ട് രക്ഷിക്കുകയായിരുന്നു.
സംഭവത്തിനുശേഷം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികമാണെന്നും ഭുവനേശ്വർ ഡിസിപി അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ നവീൻ നിവാസിന്റെ മുന്നിലേക്കെത്തിയ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്താൻ ശ്രമിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞ് രക്ഷപെടുത്തിയെന്നും ഡിസിപി കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥിയായ ശ്രീനാഥ് സോറിൽ നിന്നും താൻ നേരിട്ട ലൈംഗിക പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും അവർ നടപടിയെക്കാത്തതിനെ തുടർന്നാണ് കടുംകൈക്ക് മുതിർന്നതെന്നും യുവതി വ്യക്തമാക്കി. എന്നാൽ യുവതിയുടെ ആരോപണം രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് ശ്രീനാഥ് സോറിന്റെ പ്രതികരണം.