വയനാട് സീറ്റ് വിട്ടു നൽകില്ലെന്ന് ഉറപ്പിച്ച് ബിഡിജെഎസ്; രാഹുലിനെതിരെ തുഷാർ മത്സരിക്കും, മൂന്ന് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (10:25 IST)
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയാല്‍ എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി മത്സരിച്ചേക്കുമെന്ന് സൂചന. തങ്ങള്‍ക്ക് ലഭിച്ച സീറ്റ് ബിജെപിക്ക് തിരിച്ച് നല്‍കേണ്ടതില്ലെന്ന് പകരം രാഹുല്‍ ഗാന്ധിക്ക് എതിരെ തുഷാര്‍ മത്സരിക്കട്ടെയെന്നാണ് ബിഡിജെഎസ് നിലപാട്. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചെന്നും സൂചനയുണ്ട്.
 
രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ ജയ സാധ്യതയെക്കാള്‍ ദേശീയ ശ്രദ്ധ കിട്ടുമെന്നതാണ് തുഷാറിനെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്.വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് വരെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ല. ഇന്ന് തൃശൂരില്‍ ചേരാനിരുന്ന യോഗം മാറ്റിയിട്ടുണ്ട്.
 
രാഹുല്‍ വയനാട് മത്സരിച്ചാല്‍ എന്‍ഡിഎയ്ക്ക് കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് 
ബിജെപി ആഗ്രഹിക്കുന്നത്. അതിനായി ബിഡിജെഎസിന് സീറ്റ് തിരിച്ചെടുക്കാന്‍ ആലോചിച്ചിരുന്നു. സ്മൃതി ഇറാനി വയനാട്ടില്‍ മത്സരിക്കാനെത്തുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വയനാട് സീറ്റ് തിരിച്ചു നല്‍കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് ബിഡിജെഎസ്.
 
ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും വയനാട് സ്ഥാനാര്‍ത്ഥി സംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനമായില്ല. പശ്ചിമ ബംഗാളിലെ 25 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രഖ്യാപിച്ചത്. രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രചരിക്കുന്ന വയനാടിനൊപ്പം വടകര സീറ്റും പട്ടികയിലില്ല. കോണ്‍ഗ്രസ് പുറത്തുവിടുന്ന പത്താമത്തെ പട്ടികയാണ് ഇന്നത്തേത്.
 
വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളോടാണ് ഇക്കാര്യം വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനം തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്. പക്ഷേ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തിക്കൊണ്ടാണ് പത്താം സ്ഥാനാര്‍ഥി പട്ടികയും പുറത്തു വിട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article