നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് നടന്‍ ദിലീപ്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിര്‍ഷായോട് പൊലീസ് ആവശ്യപ്പെട്ടതായി ആരോപണം. കേസുമായി ബന്ധപ്പെട്ട് പൊലീസ് നാദിര്‍ഷായെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന് നാദിര്‍ഷാ പറയുന്ന വോയിസ് ക്ലിപ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നാദിര്‍ഷയുടെ സമാനമായ ശബ്ദത്തിലാണ് വോയിസ് ക്ലിപ്പ്. തന്റെ സഹോദരന്‍ സമദിനെ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് പൊലീസ് ഭീഷണിപ്പെടുത്തിയതെന്നും ദിലീപിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ നാദിര്‍ഷായെ പ്രതി ചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
‘നിന്റെ ചേട്ടന്‍ നാദിര്‍ഷായ്ക്ക് എല്ലാം അറിയാം. അവന്‍ എല്ലാ കാര്യവും മറച്ചുവെക്കുകയാണ്. അവനെതിരായ എല്ലാ തെളിവുകളും പോലീസിന്റെ കയ്യില്‍ കിട്ടിയിട്ടുണ്ട്. ദിലീപിന് എതിരായ എല്ലാ കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷായെ ഞങ്ങള്‍ പ്രതി ചേര്‍ക്കും. സമദ് ചെന്ന് നാദിര്‍ഷായോട് ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കണം’ എന്ന് പൊലീസ് സമദിനോട് ആവശ്യപ്പെട്ടുവെന്നും വോയിസ് ക്ലിപ്പില്‍ ഉണ്ട്.
എന്നാല്‍, അവനെ ഒറ്റിക്കൊടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് നാദിര്‍ഷാ പറയുന്നുണ്ട്. ‘നുണ പറഞ്ഞിട്ട് എന്റെ കൂട്ടുകാരനെ കുടുക്കുന്നതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതാണ് എന്ന്‘ നാദിര്‍ഷാ പറയുന്നു. തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി അവന്‍ എല്ലാം ചെയ്തു എന്ന് പറയേണ്ടതില്ല. ഈ കാര്യത്തില്‍ ദിലീപ് നിരപരാധിയെന്ന് നൂറു ശതമാനം അറിയാമെന്നും നാദിര്‍ഷയുടെ പേരിലുള്ള വോയിസ് ക്ലിപ്പില്‍ പറയുന്നുണ്ട്. അതേസ്മയം, ഇത് തന്റെ ശബ്ദമാണോ എന്ന് നാദിര്‍ഷ സ്ഥിരികരിച്ചിട്ടില്ല.