‘ചക്ലിയര്‍ വീടുകള്‍ ഉപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാന്‍’; ദളിതരെ അധിക്ഷേപിച്ച എം.എൽ.എയുടെ പരാമർശം വിവാദത്തില്‍

Webdunia
ശനി, 10 ജൂണ്‍ 2017 (11:38 IST)
ഗോവിന്ദാപുരത്ത് അയിത്തം നേരിടുന്ന ചക്ക്ലിയ വിഭാഗക്കാരെ അപമാനിച്ച് നെന്മാറ എംഎല്‍എ കെ ബാബു. ചക്ലിയര്‍ തങ്ങളുടെ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദമായത്. അംബേദ്കര്‍ കോളനിയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ വിവാദ പരമര്‍ശം.
 
ചക്ലിയ വിബ്ഭാഗത്തില്‍പ്പെട്ട യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ചക്ലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. അതിനുശേഷം അവര്‍ കോളനിയിലുള്ള ക്ഷേത്രത്തിലാണ് കഴിയുന്നത്. ഈ പശ്ചാത്തലത്തിലാണ് സി പി ഐ എം സംഘടിപ്പിച്ച പൊതുയോഗത്തിൽ ചക്ലിയര്‍ മദ്യപിക്കാന്‍ വേണ്ടിയാണ് ക്ഷേത്രത്തില്‍ കഴിയുന്നത് എന്ന പരാമർശം എം എൽ എ നടത്തിയത്.
 
അതേസമയം, ഏതെങ്കിലും സമുദായത്തിന് നേരെയായിരുന്നില്ല തന്റെ പരാമർശമെന്ന് ബാബു പറഞ്ഞു. കോണ്‍ഗ്രസുകാരാണ് അംബേദ്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്. സി.പി.ഐ.എം ജാതീയതക്കെതിരെ പോരാടിയ പ്രസ്ഥാനമാണ്. പാവപ്പെട്ട തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ ബാബു ആരോപിച്ചു.
Next Article