സ്വന്തം പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ ദിലീപിന് ഇതിലും നല്ലൊരു മാര്‍ഗമില്ല!

Webdunia
വെള്ളി, 14 ജൂലൈ 2017 (11:36 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. അതേസമയം, താരത്തെ അനുകൂലിച്ചും പിന്തള്ളിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളെ മുതലെടുക്കുന്നവരോട് എനിക്കും ചിലത് പറയാനുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഹര്‍ഷന്റെ പ്രതികരണം. നുണപരിശോധനയ്ക്ക് വിധേയനായാല്‍ പൊതുസമൂഹത്തില്‍ സ്വന്തം പ്രസിദ്ധിക്കുണ്ടായ ഗ്ലാനി പരിഹരിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് ഹര്‍ഷന്‍ പറയുന്നു.
 
ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
 
ഒരു കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ പ്രതിച്ഛായ തിരിച്ചുപിടിയ്ക്കാന്‍ രാജ്യത്തെ പ്രമുഖ പി ആര്‍ ഗ്രൂപ്പുകള്‍ അണിനിരന്നിരിയ്ക്കുന്നു. കേരളത്തിന് ഇത് പുതുമയുള്ള സംഗതിയാണ്. ക്വട്ടേഷനും കൂട്ടബലാത്സംഗവുമൊക്കെ മാന്യമായ ഒരേര്‍പ്പാടാണെന്ന പൊതുബോധം തന്നെ സൃഷ്ടിച്ചെടുത്തേക്കും ഈ പി ആര്‍ കമ്പനികള്‍ .
 
കരുതലോടെ പണിയെടുത്തില്ലെങ്കില്‍ മാധ്യമങ്ങളെ ശത്രുപക്ഷത്ത് അവതരിപ്പിച്ച് ലളിതമായി കാര്യം കാണാന്‍ പി ആര്‍ കമ്പനികള്‍ക്ക് കഴിയും. 'മീനാക്ഷിയെവിടെ.. ?,കാവ്യ കരഞ്ഞോ..?,മഞ്ജു ചിരിച്ചോ..?' എന്നൊക്കെ കാര്യമില്ലാത്തത് എഴുതിയും വിധിച്ചും ചില മാധ്യമങ്ങള്‍ പി ആര്‍കാരുടെ പണി എളുപ്പത്തിലാക്കുന്നുമുണ്ട്. കരടിയെ പ്രദര്‍ശിപ്പിയ്ക്കാന്‍ കൊണ്ടു നടക്കുന്നപോലെ ഗോപാലകൃഷ്ണനെ കൊണ്ടുനടന്ന് പോലീസും അവരുടെ റോള്‍ പരമാവധി നന്നാക്കുന്നൊണ്ട്.
 
ദിലീപേട്ടന്റെ ഉദാരമനസ്ഥിതിയും ദാനശീലവുമൊക്കെ നീട്ടിയും കുറുക്കിയും നിരന്നുകഴിഞ്ഞു. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ വഴി ഫേസ്ബുക്കില്‍ ഒഴുകിപ്പരന്നുവരുന്ന ഈ വാര്‍ത്തകളെല്ലാം ഒരുക്കിയിരിയ്ക്കുന്നത് പ്രൊപ്പഗാണ്ടയനുസരിച്ച് പണിയെടുക്കുന്ന പി ആര്‍ പോര്‍ട്ടലുകളാണ്. അതുകൊണ്ട്.... മാധ്യമങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിയ്ക്കേണ്ടിവരും.
 
ഇനി ആരാധകരായ ആണുങ്ങളോട് -
 
അപ്പ... ഏതായാലും നിങ്ങ ഒരു പണിയ്ക്കെറങ്ങിയതല്ലേ, അതുകൊണ്ട് പി ആര്‍ കാര്‍ക്കും ഭീഷണിക്കാര്‍ക്കും ഫ്രീയായിട്ട് ഒരുപദേശം തരാം. അങ്ങേര് കുറ്റക്കാരനാണോ അല്ലയോ എന്നതൊക്കെ തീരുമാനിയ്ക്കണ്ടത് കോടതി തന്നെയാണ്. തെളിവുകള്‍ വിചാരണ വേളയില്‍ സ്റ്റാന്റ് ചെയ്യുവോന്നൊക്കെയൊള്ള തലവേദന പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വിടാം. 
 
പക്ഷേ, രണ്ടര മണിക്കൂറോളം നിസഹായയായ ഒരു പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ പീഡിപ്പിച്ച നരാധമന്‍മാരുടെ കൂട്ടത്തില്‍ തങ്ങള്‍ ഇതുവരെ ആരാധിച്ച പ്രമുഖ നടനുമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ പൊതുസമൂഹം പുച്ഛിയ്ക്കുന്നത് സ്വാഭാവികം. അയാളുടെ കഥാപാത്രങ്ങള്‍ക്ക് ഇക്കണ്ട കാലമത്രയും കൈയടിച്ചവര് തന്നെയാ വഴിയരുകീ നിന്ന് കൂവുന്നത്. അന്തരിച്ച നടന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചതിന്റെ കഥയൊന്നും കൊണ്ട് ആ ക്രൂരത മറയ്ക്കാമ്പറ്റത്തില്ല ചേട്ടമ്മാരേ. സ്വന്തം കുടുംബം വഴി പിരിഞ്ഞപ്പോ കാക്കാശ് കൊടുക്കാത്ത കക്ഷീടെ പി ആര്‍ പരിപാടി എന്നേ പൊതുജനം മനസിലാക്കൂ. താരം അഗ്നിശുദ്ധി വരുത്തി തിരിച്ച് വരുവെന്നാണല്ലോ നിങ്ങടെ സാഹിത്യം. ആയിക്കോട്ടെ, അതിനൊരു എളുപ്പവഴിയാ പറഞ്ഞ് തരാമ്പോണത്.
 
നൂണ പരിശോധനക്ക് തയ്യാറാന്ന് മുന്‍പ് ദിലീപ് പറഞ്ഞിരുന്നല്ലൊ. അത്തരമൊരു പരിശോധന നടത്തണമെന്ന് വിചാരണക്കോടതിയില്‍ പ്രതിഭാഗം വക്കീല്‍ ഒരു അപേക്ഷ കൊടുത്താല്‍ നിരസിക്കപ്പെടാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് നുണ പരിശോധനാ ഫലം കോടതി തെളിവായി സ്വീകരിക്കത്തില്ല. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആരാധകര്‍ക്കും യാഥാർത്ഥ്യം മനസിലാക്കാന്‍ അത് സഹായകമാകും. വക്കീല് വിചാരിച്ചാല്‍ അതിന്റെ വീഡിയോ കിട്ടുകേം ചെയ്യും. അത് പുറത്ത് വിട്ടാല്‍ മതി. പൊതുസമൂഹത്തില്‍ സ്വന്തം പ്രസിദ്ധിക്കുണ്ടായ ഗ്ലാനി പരിഹരിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് ന്യായീകരണ വാദികളും ഫാന്‍സ് അസോസിയേഷനും താരരോമാഞ്ചത്തോട് പറഞ്ഞുകൊടുക്കണം. 
 
വിചാരണാ വേളയില്‍ പ്രോസിക്യൂഷന്‍ തന്നെ നുണ പരിശോധന ആവശ്യപ്പെടാനുള്ള സാധ്യത ഈ കേസിലൊണ്ട്. അന്നേരം നിരസിക്കരുത് എന്നെങ്കിലും ഗോപാലകൃഷ്ണനോട് നിങ്ങള് പറയണം. നിര്‍ബന്ധമായി പിടിച്ച് നുണ പരിശോധന നടത്തുന്നത് നിയമ വിരുദ്ധമാണ്.
Next Article