സെൻകുമാർ സ്ഥലംമാറ്റിയ ജീവനക്കാരി പരാതിയുമായി ചീഫ് സെക്രട്ടറിക്കു മുന്നിൽ

Webdunia
ബുധന്‍, 10 മെയ് 2017 (17:21 IST)
ടി പി സെൻകുമാറിന്റെ സ്ഥലംമാറ്റ നടപടിയില്‍ പരാതിയുമായി പൊലീസ് ആസ്ഥാനത്തെ ജീവനക്കാരി. അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെതിരെ കുമാരി ബീനയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
 
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയശേഷം സെൻകുമാർ കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്നാണ് കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടി. താരതമ്യേന അപ്രധാനമായ യു ബ്രാഞ്ചിലേക്കാണു കുമാരി ബീനയെ മാറ്റിയത്. ജൂനിയർ സൂപ്രണ്ട് സി എസ് സജീവ് ചന്ദ്രനെ ആ സ്ഥാനത്ത് നിയമിക്കുകയുമായിരുന്നു.  എന്നാല്‍ അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു അതോടെ എസ്എപിയിലെ ജൂനിയർ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ച് പുതിയ ഉത്തരവുമിറക്കി. 
 
സെൻകുമാർ സേനയ്ക്കു പുറത്തുനിൽക്കുമ്പോൾ പുറ്റിങ്ങൽ, ജിഷ കേസ് എന്നിവ സംബന്ധിച്ച ചില രേഖകൾ ആരോ വിവരാവകാശ പ്രകാരം ചോദിച്ചെന്നും, അതു നൽകാത്തതിന്റെ പേരിലാണ് കുമാരി ബീനയ്ക്കെതിരായ നടപടിയെന്നും പൊലീസ് ആസ്ഥാനത്ത് സംസാരമുണ്ടായിരുന്നു. ഡിജിപി, എഡിജിപി, ഐജി എന്നിവരുൾപ്പെടെയുള്ള സമിതി തീരുമാനിക്കേണ്ട നിയമനം ഡിജിപി സ്വന്തം നിലയ്ക്കു തീരുമാനിച്ചെന്നും ആരോപണമുണ്ട്.
Next Article