എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിക്കെതിരെ പൊട്ടിത്തെറിച്ച് ടി പി സെന്‍കുമാര്‍. സ്ഥാനം മാറ്റുന്ന കാര്യം സര്‍ക്കാരിന് മാന്യമായി അറിയിക്കാമായിരുന്നു. സ്ഥാനമാറ്റം സംബന്ധിച്ച് തനിക്ക് യാതൊരറിയിപ്പും ലഭിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാശിപിടിച്ച് ഡി ജി പി ആയിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പുതിയ സര്‍ക്കാരിന് ആവശ്യം ലോക്നാഥ് ബെഹ്റയെപ്പോലെ ഒരാളെയാണ്. തനിക്ക് ബെഹ്റയെപ്പോലെയാകാനാകില്ല. സ്ഥാനമാറ്റം സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും വിരുദ്ധമാണ്. ആക്ട് പ്രകാരം രണ്ട് വര്‍ഷത്തിനുള്ളില്‍ ഡി ജി പി പോസ്റ്റിലിരിക്കുന്ന ഒരാളെ മാറ്റുകയാണെങ്കില്‍ വ്യക്തമായ ഒരു കാരണം വേണം. എന്നാല്‍ തന്റെ കാര്യത്തില്‍ അത്തരമൊരു കാരണം ഉള്ളതായി അറിവില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന കാര്യം ആലോചിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റി പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്‍ ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഡോ ജേക്കബ് തോമസിനെ നിയമിക്കുകയും ചെയ്തിരുന്നു. അവധിയിലായ ശങ്കര്‍ റെഡ്ഡിക്ക് പകരംചുമതല നല്‍കിയിട്ടില്ല. സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയാക്കി.
വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്. തിങ്കളാഴ്‌ച രാത്രി ഏറെ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണിയുടെ ഫയലില്‍ ഒപ്പുവച്ചത്. നേരത്തെ മന്ത്രിസഭ അധികാരമേറ്റയുടനെ ദക്ഷിണ മേഖല എഡിജിപി കെ പത്മകുമാറിനെ മാറ്റി ബി സന്ധ്യയെ നിയമിച്ചിരുന്നു. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് പൊലീസ് തലപ്പത്തെ വന്‍ അഴിച്ചുപണി നടത്തിയത്.