വീണ്ടും തിരിച്ചടി; ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (14:10 IST)
ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുമെന്നും ഹൈക്കോടതി അറിയിച്ചു. 

അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ട്. എന്നാല്‍ അതിനു ശ്രമിക്കാതെയാണ് ദിലീപ് ഹൈക്കോടതിയെ നേരിട്ടു സമീപിച്ചത്.
 
തനിക്കെതിരെ ഒരു തെളിവുകളുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം വെറും അടിസ്ഥാനരഹിതമാണ്. തന്റെ അറസ്റ്റ് പോലും സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ദിലീപ് സമർപ്പിച്ച ജാമ്യഹർജിയിൽ‌ പറയുന്നുണ്ട്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയ്ക്ക് ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പൊലീസ് കരുതുന്ന അപ്പുണ്ണി അറസ്റ്റിലാവുന്നതിനുമുമ്പ് ജാമ്യം നേടണമെന്നു ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
Next Article