വി എസ് അച്യുതാനന്ദന് ഉചിതമായ പദവിതന്നെ നല്‍കുമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വി എസിന്റെ അനുഭവം പ്രയോജനപ്പെടുത്താൻ സാധിക്കുന്ന പദവിയായിരിക്കും നല്‍കുക. പുതിയ മന്ത്രിസഭ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും യച്ചൂരി പറഞ്ഞു.
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നതോടെ വി എസിന് എന്ത് സ്ഥാനമായിരിക്കും നല്‍കുക എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചകളും ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിയില്‍ ഉണ്ടായിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ സർക്കാർ രൂപീകരണശേഷം നടത്തുമെന്നായിരുന്നു യച്ചൂരി പറഞ്ഞിരുന്നത്.
ക്യൂബയിൽ ഫിദൽ കാസ്ട്രോ പ്രവർത്തിക്കുന്നത് പോലെ കേരളത്തില്‍ വി എസ് പ്രവർത്തിക്കുമെന്നായിരുന്നു ഇന്നലെ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ യച്ചൂരി പറഞ്ഞിരുന്നത്. പടക്കുതിരയേപ്പോലെ വി എസ് തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചതുകൊണ്ടാണ് ഇടതുപക്ഷം ഇത്തരമൊരു വിജയം നേടിയതെന്നും യെച്ചൂരി പറഞ്ഞിരുന്നു.