രണ്ടാനച്ഛന്റെ ക്രൂരത: സ്കൂളില്‍ പോയതിന് നാലാം ക്ളാസുകാരന്റെ കൈകള്‍ തല്ലിയൊടിച്ചു

Webdunia
ശനി, 18 ജൂണ്‍ 2016 (08:57 IST)
വിലക്ക് ലംഘിച്ച് സ്കൂളില്‍ പോയതിന് നാലാം ക്ളാസുകാരന്റെ കൈകള്‍ രണ്ടാനച്ഛന്‍ തല്ലിയൊടിച്ചു. ഇരുകൈകള്‍ക്കും പൊട്ടലേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. 
 
വലിയതുറ എല്‍ പി സ്കൂള്‍ വിദ്യാര്‍ഥിയായ ബിബിനാണ് ഇരുകൈമുട്ടുകള്‍ക്കും മുകളിലായി പൊട്ടലേറ്റത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാവിന്റെ മൊഴി കണക്കിലെടുത്ത് വലിയതുറ പൊലീസ് രണ്ടാനച്ഛനായ കണ്ണന്‍ എന്ന അരുണിനെതിരെ കേസെടുത്തു.
 
ബിബിന്‍ സ്കൂളില്‍ വച്ച് സഹപാഠികളുമായി വഴക്കുണ്ടാക്കിയെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇനി മുതല്‍ പഠിക്കാന്‍ പോകരുതെന്ന് രണ്ടാനച്ഛന്‍ വിലക്കിയിരുന്നു. എന്നാല്‍ കുട്ടി സഹോദരിക്കൊപ്പം സ്കൂളില്‍ പോയി. ഇത് അറിഞ്ഞെത്തിയ അരുണ്‍ കുട്ടിയെ ചൂരല്‍കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. ഈ ക്രൂരത കണ്ട നാട്ടുകാരാണ് പൊലീസിലും ചെല്‍ഡ്ലൈനിലും വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ അരുണിനുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
 
അതേസമയം, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുകൈകള്‍ക്കും ചെറിയ പൊട്ടലുണ്ട്. കണ്ണിലും മുഖത്തും ചെറിയ തോതില്‍ ക്ഷതമേറ്റിട്ടുണ്ട്. പീഡിയാട്രിക്, ഓര്‍ത്തോപീഡിക്, ഒഫ്താല്‍മോളജി, ഡെന്‍റല്‍ വിഭാഗങ്ങള്‍ സംയോജിച്ചാണ് കുട്ടിയുടെ ചികിത്സ നിശ്ചയിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article