എഴുത്ത് എന്നത് ഒരാളുടെ ജീവിതത്തിന്റെ പ്രകാശനമാണ്. ഇത്തരത്തില്‍ സ്വതന്ത്രമായി അഭിപ്രായം പറയുന്ന എഴുത്തുകാര്‍ക്ക് നേരെയുള്ള സംഘപരിവാറുകാരുടെ ഇടപെടലിനെതിരെ സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍. അടുത്തിടെ ദീപ നിശാന്തിന് നേരിടേണ്ടി വന്ന സംഘികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫെസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദിപാ നിശാന്തും പുരസ്കാരവും
ഒരാളുടെ ജീവിതത്തെ വിലയിരുത്തേണ്ടത് ജീവിക്കുന്ന കാലത്തോട് അയാള്‍ എങ്ങനെ പ്രതികരിച്ചു എന്നതിലാണ്. അതില്‍ത്തന്നെ കാലം അയാളോട് തിരിച്ച് എങ്ങനെ പ്രതികരിച്ചു എന്നതും ഉള്‍പ്പെടും. എഴുത്ത് എന്നത് ഒരാളുടെ ജീവിതത്തിന്റെ പ്രകാശനമാണ്.
എന്നേക്കാള്‍ മികച്ച എഴുത്തുകാരിയാണ് ദിപാ നിശാന്ത് എന്ന് ഞാന്‍ എഴുതിയത് അവരുടെ എഴുത്തിനു മാത്രമല്ല, ജീവിതത്തിനും കൂടി ഈയിടെ കിട്ടിയ റിസൽറ്റിനെ മുന്‍നിര്‍ത്തിയാണ്. കഴിഞ്ഞ നാൽപ്പതു കൊല്ലമായി വളരെ ഇടവിട്ടാണെങ്കിലും ഞാന്‍ എഴുതുന്നു. പ്രസംഗിക്കുന്നു. എനിക്ക് അക്കാദമി അവാര്‍ഡ് കിട്ടിയിട്ടുണ്ടാവാം. ദീപക്ക് കിട്ടിയിട്ടില്ല. പക്ഷേ ഇക്കാലത്തെ എഴുത്തിന് കിട്ടേണ്ട മികച്ച പുരസ്കാരം അവര്‍ക്ക് കിട്ടിയല്ലോ.
ഹിന്ദുരാഷ്ട്രവാദികളുടെ കടന്നാക്രമണം. ഒരു എഴുത്തുകാരിക്ക്/കാരന് വര്‍ത്തമാനകാലത്ത് ഇതിൽപ്പരം എന്തു സൗഭാഗ്യമാണ് ലഭിക്കാനള്ളത്. സാഹിത്യത്തിന്റെ മൂല്യനിര്‍ണ്ണയത്തിന് നിരവധി ഉപാധികളുണ്ട്. അതിലൊന്ന് ഇപ്പോള്‍ സംഘപരിവാറിന്റെ കയ്യിലാണ്. ഒരു എഴുത്തുകാരന് ഇപ്പോള്‍ മോദിയുടെ അനുമോദനക്കത്ത് കിട്ടി എന്നിരിക്കട്ടെ. അയാൾ ആത്മഹത്യ ചെയ്യുന്നതാവും ഉചിതം.
സത്യത്തിൽ അസൂയകൊണ്ട് ഞാൻ അസ്വസ്ഥനാണ്. വർഗ്ഗീയഭ്രാന്തുണ്ടാക്കി മനുഷ്യസമൂഹത്തെ വിഭജിക്കുന്നവരുടെ എതിർപ്പ് ലഭിക്കുന്നില്ലെങ്കിൽ എന്റെ എഴുത്തിനും പ്രസംഗത്തിനും കാര്യമായ എന്തോ പരിമിതിയുണ്ടെന്ന് ഞാൻ കരുതുന്നു.