കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനത്തെത്തുടര്‍ന്ന് തനിക്കെതിരേ അവഹേളനപരമായ പരാമര്‍ശം നടത്തിയ നടന് സാബുമോനെതിരേ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്. സാബുവിനെ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. മണി മരിച്ചദിവസം അവിടെ എത്തിയ മുഴുവന്‍ പേരെയും ചോദ്യം ചെയ്യണമെന്നാണ് താന്‍ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മണിച്ചേട്ടന് തന്നെ വീട്ടില്‍ കയറ്റിയിരുന്നൊയെന്നത് തീരുമാനിക്കേണ്ടത് സാബുവല്ല. ചേട്ടനാണ് തന്നെ വളര്‍ത്തി വലുതാക്കിയത്. പ്രശസ്തിക്കുവേണ്ടിയാണ് താന്‍ ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സാബു പറഞതായിക്കണ്ടു. സാബുവിന് സിനിമയിലുള്ള പ്രശസ്തിയേക്കാളേറെയാണ് തനിക്ക് നൃത്തലോകത്തുള്ള പ്രശസ്തി. സ്വന്തം കൂടപ്പിറപ്പിന്റെ മരണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ആരെങ്കിലും പ്രശസ്തിക്കായി ഉപയോഗിക്കുമോ? അത്തരമൊരു പ്രശസ്തി താന്‍ ആഗ്രഹിക്കുന്നില്ല. ഈ മരണകാരണത്തിന്റെ സത്യാവസ്ത പുറത്തുവരുന്നതുവരെ ഇനിയും പ്രതികരിക്കും. രാമകൃഷ്ണന് പറഞ്ഞു.
തന്റെ ചേട്ടന്റെ മരണത്തിന് കാരണക്കാരാവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം തനിക്കുണ്ട്. ചേട്ടന്റെ മരണം നടന്നതിന് തലേദിവസം ‘പാഡി’യില്‍ വന്ന എല്ലാ വ്യക്തികളെയും ചോദ്യം ചെയ്യണമെന്നാണ് താന്‍ പറഞ്ഞത്. അതില്‍ സാബു മാത്രമല്ല ഉണ്ടായിരുന്നത്. ജാഫര്‍ ഇടുക്കിയും മറ്റു കുറേ ആളുകളും ഉണ്ടായിരുന്നു. അവരെല്ലാം അന്വേഷണത്തെ സത്യസന്ധമായി നേരിടുകയാണ്. സാബു മാത്രമാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. അതെന്തിനാണെന്നാണ് തങ്ങള്‍ക്ക് മനസിലാകാത്തത്. വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാനായുള്ള സാബുവിന്റെ ശ്രമമായാണ് തനിക്ക് തോന്നുന്നത്.സാബുവിന്റെ സംസ്കാരശൂന്യതയാണ് അയാളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്. അതിനുള്ള മറുപടി ഇവിടുത്തെ ജനങ്ങള്‍ കൊടുത്തോളും. രാമകൃഷണന് കൂട്ടിച്ചേര്‍ത്തു.
ചേട്ടന് മരിച്ച ദിവസം പാഡിയിലെത്തിയവര്‍ എന്തെല്ലാമാണ് കൊണ്ടുവന്നതെന്ന് മാനേജര്‍ ഉള്‍പ്പടെ അവിടെ ഉണ്ടായിരുന്ന എല്ലാവര്ക്കും അറിയാം. എങ്ങനെയാണ് മെഥനോള്‍ ചേട്ടന്റെ ശരീരത്തിലെത്തിയത്. ആ ദിവസം മദ്യപിച്ചിട്ടില്ലെന്നായിരുന്നു സാബു ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് അത് തിരുത്തി. കരള്‍ രോഗിയായിരുന്ന ഒരാള്‍ അമിതമായി മദ്യപിച്ച് മരിച്ചുയെന്ന നിലയില്‍ വരുത്തി തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. പക്ഷേ യഥാര്‍ഥ മരണകാരണം അറിയുക എന്നത് തങ്ങളുടെ അവകാശമാണ്. അതിനായി ഏത് അറ്റം വരെപോകാനും തങ്ങള്‍ തയ്യാറാണ്. ഹൈദരാബാദിലെ ലാബില്‍ നിന്നുള്ള പരിശോധനാഫലം വന്നു. ഇനിയെന്ത് നിഗമനമാണ് പൊലീസ് എടുക്കുകയെന്നാണ് ഇപ്പോള്‍ അറിയാനുള്ളത്. ഇപ്പോള്‍ നടക്കുന്ന ഈ അന്വേഷണത്തില്‍ തങ്ങള്‍ക്ക് തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.