കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് വിവാദമാകുന്നു. ഞെട്ടിത്തരിച്ച് മലയാള സിനിമയും കേരള ജനതയും. ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ സംശയങ്ങളുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ. നടന്‍ ദിലീപ് ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ഹൗവറില്‍ ആയിരുന്നു പ്രതികരണം.
‘നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നാണ്. എപ്പോഴാണ് ഈ കേസ് ഇങ്ങനെയായത്? 120 ബി ആണല്ലോ കേസ്. മുഖ്യമന്ത്രിയും മഞ്ജുവാര്യരും ഒരു വേദി പങ്കിട്ടു. ആ വേദി പങ്കിട്ട് കഴിഞ്ഞപ്പോള്‍ കേസ് ആയി. ഗൂഢാലോചനയായി. അതിന് മുമ്പ് എന്താ ഗൂഢാലോചന ഇല്ലാതിരുന്നത്. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് ഞാന്‍ പറയാനില്ല. ഈ അന്വേഷണത്തില്‍ എനിക്ക് സംശയമുണ്ട്. എല്ലാ ആളുകളെയും ഞാന്‍ പഠിച്ചിട്ടുണ്ട്. പൊലീസിനെയും മന്ത്രിമാരെയും അറിയാം. എനിക്ക് ഒത്തിരിയേറെ സംശയങ്ങളുണ്ട്. എങ്കിലും ഇവരിലാരെങ്കിലും കുറ്റക്കാരാണെങ്കില്‍ അവരെ മാക്സിമം ശിക്ഷിക്കണം. പക്ഷെ എനിക്ക് ചില സംശയങ്ങളുണ്ട്‘. - എന്നായിരുന്നു പി സി ജോര്‍ജ്ജിന്റെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ടതായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇന്നലെ വൈകിട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു.