കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍ ആലപ്പുഴ ജില്ലയില്‍ എത്തിയതായി സംശയം. വണ്ടാനത്തെ ബാറില്‍ ബണ്ടി ചോറിനോടു രൂപസാദൃശ്യമുള്ളയാള്‍ എത്തിയതായി സിസിടിവി ദൃശ്യത്തില്‍ നിന്നാണ് സംശയം ജനിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ജില്ലയില്‍ ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി.
എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ സ്റ്റേഷനുകള്‍ക്കും ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം ഉണ്ട്. തിങ്കളാഴ്ചയാണ് ഇയാള്‍ ബാറിലെത്തിയത്. മുഴുക്കൈ ടീ ഷര്‍ട്ട് ധരിച്ചയാള്‍ ബിയര്‍ കുടിക്കുന്ന ദൃശ്യങ്ങളാണു ബാറില്‍ നിന്ന് ലഭിച്ചത്. പുറത്ത് ബാഗ് തൂക്കിയിട്ടുണ്ട്. അതേ ടേബിളില്‍ വേറെ രണ്ട് പേര്‍ ഉള്ളതായും വീഡിയോയില്‍ കാണാം. ഇയാള്‍ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
സമ്പന്നരുടെ വീടുകള്‍ കണ്ടുവച്ച ശേഷം ആഡംബര വസ്തുക്കളും മുന്തിയ കാറുകളും മോഷ്ടിക്കുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ലാണ് ഇയാള്‍ കേരള പൊലീസിന്റെ വലയിലാകുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു വീടിനുള്ളില്‍ കയറി 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍, ലാപ് ടോപ്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച കേസിലാണ് അന്ന് അറസ്റ്റിലായത്. അന്ന് പത്ത് വര്‍ഷം തടവാണ് ബണ്ടി ചോറിനു ലഭിച്ചത്. 2023 മാര്‍ച്ചിലാണ് ജയില്‍ മോചിതനായത്.