പ്രസവ സംബന്ധമായ പരിശോധനയ്ക്കായി എത്തിയ യുവതിയ്ക്ക് ഡോക്ടർ നല്‍കിയത് അബോർഷനുള്ള മരുന്ന് !; പിന്നെ സംഭവിച്ചത്...

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (15:17 IST)
ഒരു കുഞ്ഞിക്കാല്‍ കാണാനായി ലക്ഷങ്ങൾ മുടക്കി ചികിത്സിക്കുന്നവരുള്ള നാടാണ് നമ്മുടേത്. അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവരുന്നത്. രണ്ട് മാസം ഗർഭിണിയായ യുവതിക്ക്, ആളുമാറിയതിനെ തുടര്‍ന്ന് ഗർഭമലസിപ്പിക്കാനുള്ള മരുന്നാണ് ഡോക്ടർ നല്‍കിയതെന്നതാണ് ആ വാര്‍ത്ത. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ: എസ്.ഷൈനിയാണ് മരുന്ന് മാറി എഴുതി നല്‍കിയത്. 
 
പ്രസവ സംബന്ധമായ പരിശോധനയ്ക്കായി എത്തിയ ഇരുപത്തിരണ്ടുകാരിയായ യുവതിക്കാണ് ഷൈനി മരുന്ന് മാറ്റിയെഴുതിയത്. കഴിഞ്ഞ ഒമ്പതാം തീയതി രാവിലെയാണ് ഡോക്ടറെ കാണാനായി യുവതി ആശുപത്രിയിലെത്തിയത്. ഒ.പി ടിക്കറ്റെടുത്ത് ക്യൂ നിന്നു ഡോക്ടറെ കണ്ടശേഷം ഒ പി ടിക്കറ്റിൽ ഡോക്ടര്‍ എന്തോ എഴുതി. തുടര്‍ന്ന് ഇത് വാങ്ങി കഴിച്ച് ലുങ്കിയും ബനിയനും ഉടുത്ത് ലേബർ റൂമിലേക്ക് വരാൻ ഡോക്ടര്‍ നിർദേശിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.  
 
ലുങ്കിയും ബനിയനും ഉടുത്ത് വരാൻ പറഞ്ഞപ്പോൾ സംശയം തോന്നു. അടുത്ത് നിന്ന നഴ്‌സിനോട് ചോദിച്ചപ്പോൾ പരിശോദിക്കാനായിരിക്കും എന്ന മറുപടിയാണ് ലഭിച്ചത്. സംശയം വിട്ടുമാറാത്തതിനാൽ തന്റെ ഒരു ബന്ധുവായ നഴ്‌സിനെ വിളിച്ചു ചോദിച്ചു. വയറ്റിലെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നോക്കാനായിരിക്കും അതെന്ന മറുപടിയാണ് അവിടെനിന്ന് കിട്ടിയതെന്ന് യുവതി പറയുന്നു.
 
തുടര്‍ന്ന് ലുങ്കിയും ബനിയനും വാങ്ങി ആശുപത്രില്‍ തന്നെയുള്ള മെഡിക്കൽ സ്റ്റോറിൽ ഡോക്ടറുടെ കുറിപ്പുമായി ചെന്നു. മെഡിക്കൽ സ്റ്റോർ ജീവനക്കാരി അത് വായിച്ചു നോക്കിയിട്ട് എത്ര മാസമായി എന്ന് ചോദിച്ചു. രണ്ടു മാസമായെന്ന് താന്‍ മറുപടി പറഞ്ഞു. എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് അവര്‍ വീണ്ടും ചോദിച്ചു. ഇല്ലയെന്ന് താന്‍ മരുപടി നല്‍കിയപ്പോളാണ് അബോർഷനു വേണ്ടിയുള്ള മരുന്നാണിതെന്നും ഡോക്ടർക്ക് തെറ്റിയതായിരിക്കാമെന്നും അവർ പറഞ്ഞത്. 
 
അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് ഈ മരുന്ന് കാണിച്ചപ്പോളും അബോർഷനുള്ളതാണെന്നാണ് പറഞ്ഞത്. അപ്പോഴേക്കും ഷൈനി ഡോക്ടർ എത്തി. ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ ഇന്നലെ വീട്ടില്‍ വന്നപ്പോള്‍ എല്ലാം പറഞ്ഞിരുന്നതല്ലേ എന്ന് പറഞ്ഞ് തട്ടിക്കയറുകയാണുണ്ടായത്. താന്‍ വീട്ടിലേക്ക് വന്നിട്ടില്ലെന്ന് പറഞ്ഞപ്പോഴാണ് ആളുമാറി എഴുതിയതാണെന്നും തെറ്റുപറ്റിയതിൽ ക്ഷമിക്കണമെന്നും പറഞ്ഞ് ഒ.പി ടിക്കറ്റ് വാങ്ങി എഴുതിയ മരുന്ന് ഡോക്ടര്‍ വെട്ടി കളഞ്ഞതെന്ന് യുവതി പറയുന്നു.
 
വീട്ടിലെത്തി ഭർത്താവിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്നും യുവതി പറയുന്നു. മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി സംശയം പ്രകടിപ്പിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ മരുന്ന് വാങ്ങി കഴിക്കുകയും അബോർഷനാവുകയും ചെയ്തിരുന്നേനെയെന്ന് ഞെട്ടലോടെയാണ് യുവതി പറയുന്നത്. സംഭവത്തെപ്പറ്റി സുപ്രണ്ടിന് പരാതി നൽകിയിട്ടും റിപ്പോർട്ട് ആവശ്യപ്പെട്ടതല്ലാതെ ഒരുതരത്തിലുള്ള നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും യുവതി പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article