ജിഷ വധക്കേസ് അന്വേഷിച്ച ആദ്യ പൊലീസ് സംഘത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വക രൂക്ഷ വിമര്‍ശനം. ജിഷയുടെ മാതാവിന്‍റെ വാക്കുകള്‍ക്ക് പോലും വിലകല്‍പ്പിക്കാതെ ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ പൊലീസ് തിടുക്കം കാട്ടിയത് എന്തിനായിരുന്നു എന്ന് പിണറായി ചോദിച്ചു.
തെളിവുകള്‍ നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരുടെ പ്രത്യേക മാനസികാവസ്ഥ കാരണമാണ് മിക്ക തെളിവുകളും നഷ്ടപ്പെട്ടത്. എങ്കിലും ചില തെളിവുകള്‍ അവശേഷിച്ചു. അങ്ങനെ അവശേഷിച്ച തെളിവുകളില്‍ പിടിച്ചുകയറിയാണ് ഇപ്പോഴത്തെ സംഘത്തിന് പ്രതിയെ പിടിക്കാന്‍ കഴിഞ്ഞത് - പിണറായി വ്യക്തമാക്കി.
ജിഷയുടെ മാതാവിന്‍റെ വാക്കുകളെ പോലും അവഗണിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. ശ്മശാനം സൂക്ഷിപ്പികാരന്‍ പോലും ആ സമയത്ത് മൃതദേഹം ദഹിപ്പിക്കരുതെന്ന് പറഞ്ഞിരുന്നു - പിണറായി ആരോപിച്ചു.
ജിഷയുടെ കുടുംബത്തിനായി നിര്‍മ്മിച്ചുനല്‍കുന്ന വീടിന്‍റെ താക്കോല്‍ദാനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പിണറായി തന്നെയാണ് വീടിന്‍റെ വാതിലിന്‍റെ നാട മുറിച്ച് ഗൃഹപ്രവേശന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.