പുതിയ മദ്യനയം; ഞായറാഴ്ച മുതല്‍ 38 ബാറുകള്‍ കൂടി തുറക്കും

Webdunia
ശനി, 1 ജൂലൈ 2017 (11:10 IST)
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ 38 പുതിയ ബാറുകള്‍ കൂടി തുറക്കും. 61 പേര്‍ ആണ് ലൈസന്‍സിന് അപേക്ഷിച്ചിരുന്നത്. അതില്‍ 38 പേരുടെ അപേക്ഷ എക്‌സൈസ് അംഗീകരിച്ചു. 
 
മദ്യനയം പ്രകാരം 2014 മാര്‍ച്ച് 31ന് പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ അബ്കാരിനയം കാരണം ബാര്‍പദവി നഷ്ടപ്പെട്ട, ഇപ്പോള്‍ മൂന്ന്, നാല്, അഞ്ച് നക്ഷത്രപദവിയുള്ളവര്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.
 
ഇപ്പോള്‍ ലൈസന്‍സ് ലഭിച്ചവയില്‍ കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ബാറുകളില്ല. 
എന്നാല്‍ ബാക്കി 11 ജില്ലകളിലെ ബാറുടമകള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ബാറുകള്‍ കൂടാതെ 2528 കള്ളുഷാപ്പുകളില്‍ 2112 എണ്ണത്തിനും സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കി. 28 ലക്ഷം രൂപയാണ് ബാറുകളുടെ ലൈസന്‍സ് ഫീ. 
 
സുപ്രീംകോടതി വിധിയും എക്സൈസ് നിയമങ്ങള്‍ക്കും പാലിക്കുന്നവരെയായിരിക്കും ലൈസന്‍സ് നല്‍കുന്നതിനായി പരിഗണിക്കുക. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 753 ബാറുകളില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് 2014  യുഡിഎഫ് സര്‍ക്കാര്‍ ഏപ്രില്‍ 13ന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ശേഷം പഞ്ചനക്ഷത്ര പദവിയുള്ളവ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാന്‍ തീരുമാനിച്ചു. ഈ മദ്യനയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തിയത്.
Next Article