തലസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ബിജെപി നേതാക്കളുമായി ചര്‍ച്ച ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇതേറ്റെടുത്തു. അധികാരത്തിന്റെ ഗര്‍വ്വാണെന്ന് വരെ പറഞ്ഞു. സംഭവത്തില്‍ പ്രതികരണവുമായി മാധ്യമ പ്രവര്ത്തകന് ഷാനോസ് ഡേവിഡ് രംഗത്തെത്തിയിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിക്കാനും ഷാനോസ് മടിച്ചിട്ടില്ല. ഷാനോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.
ഷാനോസിന്റെ വാക്കുകളിലൂടെ:
തെക്കോട്ട്, അതായത് എന്റെയൊക്കെ നാട്ടില്‍ ചോവോന്‍ എന്നോ ഈഴവന് എന്നോ വിളിക്കും. വടക്കോട്ട് അതായത് ഞാനിപ്പോ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലളില്‍ തീയന്മാര് എന്നു വിളിക്കും. ജന്മം കൊണ്ട് ഈ ജാതിയില്‍ പെട്ടയാളാണ് സഖാവ് പിണറായി വിജയന്. പത്തെഴുപത് മുന്‍പ് കൊല്ലം ജനിച്ച് ആളാണ്.
നായർ മുതൽ മുകളിലേക്കുള്ളവനെയെല്ലാം ഈഴവൻ മുതൽ താഴേക്കുള്ളവൻ നിർബന്ധമായും തമ്പ്രാനെന്ന് മാത്രമേ വിളിക്കാവൂ എന്ന ഉച്ച നീചത്വങ്ങൾ ഉണർന്നിരിക്കുന്ന ജാതി ശ്രേണീ ഘടന നിലനിൽക്കുന്ന കാലത്ത് ജനിച്ചയാളാണ് സഖാവ് പിണറായി എന്ന് ചുരുക്കം . ഇക്കാലത്തെ മേൽ - കീഴ് ജാതികളുടെ സംഘർഷാത്മക ചരിത്രം വരച്ചുകാട്ടുന്ന കേശവദേവിന്റെ അയൽക്കാർ വായിച്ചാൽ മനസിലാകും നായരും അതിന് മുകളിലുള്ള ജാതികളും എത്ര ഭയാനകമായ സാമുഹൃ സാഹചര്യം സൃഷ്ടിച്ചു കൊണ്ടാണ് അക്കാലത്ത് നിലനിന്നിരുന്നതെന്ന് .
കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ഉദയം മുതലിന്നോളം തമ്പ്രാൻമാരോട് പടവെട്ടിത്തന്നെയാണ് മുന്നോട്ട് കുതിച്ചത് . ചെത്തുകാരന്റെ മകനായി ജനിച്ചതുകൊണ്ട് ഒരു പാട് തമ്പ്രാക്കൻമാരെയും അവരുടെ കൊള്ളരുതായ്മകളെയും ചോദ്യം ചെയ്യും എതിർത്ത് തോൽപ്പിച്ചും തല്ലിത്തോൽപ്പിച്ചും തന്നെയാണ് പൊതുരംഗത്ത് , വിശിഷ്യാ സി പി ഐമ്മിന്റെ നേതൃനിരയിലെ അതികായനായത് . പാർട്ടിക്കാർക്ക് , നാട്ടുകാർക്ക് , പൊതുജനത്തിന് പിണറായി എന്നാൽ സഖാവാണ് . അല്ലാതെ മാധ്യമ പ്രവർത്തകാ , നിങ്ങൾ പറയുന്ന തമ്പ്രാൻ എന്ന പദം പിണറായിയുടെ നെഞ്ചത്ത് നാട്ടേണ്ടതല്ലാ . നിങ്ങളുടെ തമ്പ്രാൻ വിളിക്ക് ഒരു വിപരീത സ്വരമുണ്ട് . അത് ഇത്ര കാലം തമ്പ്രാൻ എന്ന് സ്വയം ചിന്തിച്ച് വശായിപ്പോയതിന്റെ ഹാങ്ങ്ഓവർ റിയാക്ഷ്നാണ് . കുറച്ചേറെ "കടക്ക് പുറത്ത് " പ്രതികരണങ്ങൾ കേൾക്കുമ്പോൾ ഇതങ്ങ് മാറിക്കോളും .
കേരളാ മാർച്ച് നടക്കുന്ന കാലത്ത് തന്റെ ചോദ്യത്തെ പരിഹസിച്ച പിണറായി വിജയൻ കേരളത്തിന്റെ മുഖ്യ മന്ത്രിയായാൽ താൻ ഈ പണി നിർത്തുമെന്ന് സഹപ്രവർത്തകർക്ക് മുമ്പിൽ ശപദം ചെയ്ത മാധ്യമ പ്രവർത്തകൻ ഇപ്പോഴും ഈ പണിയിൽ തന്നെ തുടരുന്നു എന്നത് ഓർമപ്പെടുത്തി അടുത്ത ഘട്ടത്തിലേക്ക് കടക്കാം . സഖാവ് ചടയൻ ഗോവിന്ദന്റെ മരണശേഷം സഖാവ് പിണറായി പാർട്ടി സെക്രട്ടറിയായ നാൾ മുതൽ ഇന്ന് വരെ നിങ്ങൾ എപ്പോഴാണ് പിണറായി വിജയന്റെ അപദാനങ്ങൾ പാടിയത് . അപദാനം വേണമെന്ന് ആരും ശഠിക്കില്ല , പക്ഷേ അപവാദം പ്രചരിപ്പിക്കരുതെന്ന് ആരും ആഗ്രഹിച്ച് പോകുമല്ലോ .
പക്ഷേ മാധ്യമ പ്രവർത്തകാ നിങ്ങൾ അടങ്ങിയിരുന്നോ . അടങ്ങിയിരുന്നില്ലെന്ന് മാത്രമല്ലാ വർധിത വീര്യത്തോടെ പത്ത് പതിനാറ് കൊല്ലക്കാലം ഇടതടവില്ലാതെ അപവാദ പ്രചാരണം തുടർന്നില്ലേ . മാധ്യമങ്ങളുടെ തലോടലേറ്റല്ല താനും തന്റെ പാർട്ടിയും മുന്നോട്ട് വന്നതെന്നും മുന്നോട്ട് പോകുന്നതെന്നും മനോരമയുടെ ന്യൂസ് മേക്കർ പുരസ്കാരം വാങ്ങവെ സഖാവ് പിണറായി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ് . വ്യാജ വാർത്താ നിർമിതികൾ കൊണ്ട് തകർക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഒരു ഫീനിക്സ് പക്ഷിയേപ്പോലെ പറന്നുയർന്ന ചരിത്രമാണ് പിണറായി സഖാവിനുളളത് . സർവ്വ സന്നാഹങ്ങളോടെയുമായിരുന്നു നിങ്ങളുടെ ആക്രമണം .
ആ ആക്രമണം പാർട്ടി സെക്രട്ടറി പദവി മുതൽ കുടുംബത്തേക്ക് വരെ നീണ്ടു . പാർട്ടി എന്ന കാലാൾപ്പട മാത്രമായിരുന്നു സഖാവ് പിണറായിയുടെ പിൻബലം . നിങ്ങൾ പടച്ചുണ്ടാക്കിയതിനെ നിങ്ങൾ തന്നെ മറന്നു കാണും . ധാർഷ്ട്യത്തിന്റെ പ്രതിരൂപമാക്കാൻ കണ്ടു പിടിച്ച ബ്രിൽ ക്രീം തേച്ച മുടിയിഴകൾ മുതൽ കമല ഇൻറർനാഷണൽ വരെ അത് നീണ്ടു . എന്നിട്ടും ഒരു ചുക്കും പിണറായിക്കോ പാർട്ടിക്കോ ഉണ്ടായില്ല . സാമാന്യയുക്തി ഉണ്ടെങ്കിൽ തോന്നാവുന്നതാണ് "മുഖ്യമന്ത്രി കസേര " നിനക്കൊക്കെയുള്ള മറുപടിയാണെന്ന് . അങ്ങനെ തോന്നിയ ഒരാൾ പോലും " കടക്ക് പുറത്ത് '' വാചകം കേൾക്കാൻ അവിടെ ഉണ്ടാകുമായിരുന്നില്ല .
മറ്റൊരു കൂട്ടരുടെ ഭീഷണിയാണ് രസകരം ; അഞ്ച് വർഷം കഴിഞ്ഞ് തന്നെ ഞങ്ങള്‍ കാണിച്ചു തരാം എന്നത് ... ഒരു പഞ്ചായത്ത് വാർഡിലെങ്കിലും ഒറ്റക്ക് നിന്ന് മത്സരിച്ച് ജയിക്കാനോ , മറ്റൊരാളെ ജയിപ്പിക്കാനോ കഴിയാത്ത വാചക മുതലാളിമാരായ മാധ്യമ പ്രവർത്തകനോട് എന്ത് പറയാനാ ... എരുമയുടെ ആസനത്തിൽ അമരകോശം വായിക്കുന്നതു പോലെ നിരർഥകമായ പണിയാണെന്ന് ചുരുക്കം . താഴ്മയോടെ പറയട്ടെ , പിണറായിക്കിട്ട് പുളുത്താൻ നിങ്ങളായിട്ടില്ല കേട്ടോ ...
ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം . ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് ഞാൻ എന്നോട് തന്നെ സംവദിക്കുന്ന ഒന്ന് . മാധ്യമ പ്രവർത്തനത്തിന്റെ/ മാധ്യമ പ്രവർത്തകന്റെ "പ്രിവിലേജ് പരസ്യമായി ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത് അഭിഭാഷകരുമായുള്ള തെരുവിൽ തല്ലോടെയാണ് . ഞങ്ങൾ ഇക്കാലമത്രയും നിലകൊണ്ടത് പൊതുജനത്തിന് വേണ്ടിയാണെന്ന് അലമുറയിട്ടിട്ടും ഒരു കൈക്കുഞ്ഞ് പോലും അവരെ തല്ലരുതെന്ന് കൈ ചൂണ്ടി പറഞ്ഞില്ല . കാരണം നമ്മൾ തന്നെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞതിന് മാധ്യമ സുഹൃത്തുക്കൾ എന്റെ നേരേ വാളോങ്ങുകയാണ് ചെയ്തത് . അതിന് ശേഷം ഇന്നോളമുള്ള കാര്യങ്ങൾ ഒന്ന് മനസിരുത്തി ചിന്തിച്ച് നോക്കൂ . എന്റെ വെറ്റിലയിൽ മഷി പുരട്ടിയപ്പോൾ കണ്ടതിങ്ങനെയാണ് ...വക്കീലൻമാരുമായുണ്ടായ പ്രശ്നത്തിന് ശേഷം പൊതു സമൂഹത്തിന് മുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ബൗദ്ധിക സമൂഹത്തിൽ നല്ലൊരു ശതമാനവും മാധ്യമ പ്രവർത്തകർക്ക് എതിരാണ് ... അതിൽ വലിയൊരളവ് സി പി എമ്മുകാരാണ് ... മാധ്യമ പ്രവർത്തകർ സൃഷ്ടിച്ചെടുത്ത പിണറായി വിരുദ്ധത കണ്ടു മടുത്ത കൂട്ടരാണവർ ... മാധ്യമ പ്രവർത്തകരുടെ വിശ്വാസ്യതയിൽ അവർക്ക് തരിമ്പും വിശ്വാസമില്ല ... അതു കൊണ്ട് തന്നെ '' കടക്ക് പുറത്ത് " എന്ന വാചകം സി പി ഐ എമ്മുകാരന് ഊർജം പകരുന്ന ഒന്നുതന്നെയാണ് ...