നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. നിയമം ലംഘിച്ച് അദ്ദേഹം റോപ് വേ നിര്‍മ്മിച്ചെന്നാണ് പുതിയ പരാതി ഉയരുന്നത്. വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായുളള റോപ് വേ നിര്‍മ്മാണത്തിലാണ് ക്രമക്കേട്.
റോപ് വേയുടെ നിര്‍മ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്താണ് റോപ് വേ നിര്‍മ്മാണം നടക്കുന്നത്. ഇതിന്റെ പ്ലാനിലും കൃത്രിമം കാട്ടിയതായാണ് പുറത്തുവരുന്ന വിവരം.സ്റ്റോപ്പ് മെമ്മോയുടെ കാര്യം മറച്ചുവെച്ചുകൊണ്ടാണ് എംഎല്‍എ നിയമലംഘനം.
അതേസമയം റോപ് വേ നിര്‍മ്മിക്കുന്നതിനെതിരെ തങ്ങള്‍ നോട്ടീസ് അയച്ചിരുന്നതാണെന്നും മറുപടി ലഭിച്ചില്ലെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. നിര്‍മ്മാണമൊക്കെ നടന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ എങ്ങനെയാണ് റോപ് വേയ്ക്ക് പെര്‍മിഷന്‍ കൊടുക്കേണ്ടതെന്ന് പഞ്ചായത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ മറുപടി. അയ്യായിരം രൂപ പിഴയടച്ച് നിയമലംഘനം ക്രമപ്പെടുത്തുമെന്നാണ് ഇക്കാര്യത്തില്‍ എംഎല്‍എയുടെ നിലപാട്. ഒരു തടയണയുടെ ഇരുകരകളിലുമായിട്ടാണ് റോപ് വേയുടെ നിര്‍മ്മാണം നടന്നിരിക്കുന്നത്.
ഇതിന് പുറമേ അനധികൃത ചെക്ക് ഡാം നിര്‍മ്മാണത്തിലും എംഎല്‍എക്കെതിരെ പരാതിയുണ്ട്. മലപ്പുറം ഊര്‍ണാട്ടേരി പഞ്ചായത്തിലാണ് എംഎല്‍എയുടെ റസ്റ്റോറന്റ് നിര്‍മ്മാണം. ഇതിന്‍റെ ഭാഗമാണ് ചെക്ക് ഡാമും. അനധികൃത നിര്‍മാണം നടത്തിയതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോയും നല്‍കി. എന്നാല്‍ ഈ രണ്ട് വിവരങ്ങളും മറച്ചുവെച്ചാണ് നിലമ്പൂര്‍ എംഎല്‍എ ഊര്‍ണാട്ടേരി പഞ്ചായത്തില്‍ നിന്ന് റസ്റ്റോറന്റിന് അനുമതി തേടിയത്.
അനധികൃതമായി നിര്‍മ്മിച്ച കൃത്രിമ ഡാം ആദിവാസികളുടെ കുടിവെളളം മുട്ടിക്കുന്നതാണ്. ഇതിന്റെ പ്ലാനില്‍ മഴവെള്ളക്കൊയ്ത്തിനായി സംഭരണി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് കാട്ടരുവി തടസപ്പെടുത്തി അനധികൃതമായി നിര്‍മ്മിച്ച ചെക്ക്ഡാമാണ്. ഈ അനധികൃത ഡാം പൊളിച്ചുകളയാന്‍ വനംവകുപ്പും ജില്ലാ കളക്ടറും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവുകള്‍ നടപ്പിലായില്ല.