കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയുന്നു. ഓഗസ്റ്റ് 11നാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. രണ്ട് ദിവസം നീണ്ടു നിന്ന വിശദമായ വാദമായിരുന്നു കേസില്‍ നടന്നത്.
തന്റെ പേരിലുളള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം. സ്വന്തമായി കാരവാനുള്ള നടന് ജനമധ്യത്തില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് സ്വീകര്യമായ കാര്യമല്ലെന്നും ദിലീപിനെ കുടുക്കാനുള്ള കെണിയാണ് നടക്കുന്നതെന്നും അഭിഭാഷകന് ബി രാമന്‍പിള്ള കോടതിയില്‍ വാദിച്ചു.
അതേസമയം, ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന് നായര്‍ കോടതിയെ അറിയിച്ചിരുന്നു. എല്ലാ വിവരങ്ങളും കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാവാത്ത ഈ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും തുറന്ന കോടതിയില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിക്കു പരിശോധിക്കാന്‍ സമര്‍പ്പിച്ചു.