ഗുര്‍മീതിന് 10 വര്‍ഷം കഠിനതടവ്; ശിക്ഷ കുറഞ്ഞു പോയെന്ന് ഇരയായ യുവതി - കോടതി മുറിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (15:47 IST)
മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ. 65000 രൂപ പിഴയും അടക്കണം. വനിത അനുയായിയെ മാനഭംഗക്കപ്പെടുത്തിയ കേസിലാണ് സിബിഐ കോടതി വിധി പറഞ്ഞത്.
സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലിൽ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിംഗ് എത്തിയാണ് വിധി പറഞ്ഞത്. ശിക്ഷ കുറഞ്ഞു പോയെന്ന് ഗുർമീത് പീഡിപ്പിച്ച യുവതി വ്യക്തമാക്കി.
മാപ്പർഹിക്കാത്ത തെറ്റാണ് ഗുർമീത് ചെയ്തതെന്നും ഇയാൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ, പ്രായം ആരോഗ്യം, സാമൂഹിക പ്രവർത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടി ശിക്ഷ കുറയ്‌ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ പ്രതിഭാഗത്തിന്‍റെ വാദങ്ങൾ എല്ലാം തള്ളിയ കോടതി 10 വർഷത്തെ കഠിന തടവ് വിധിക്കുകയായിരുന്നു. വാദം പുരോഗമിക്കുന്നതിനിടെ ജഡ്ജിക്കു മുന്നിൽ ഗുർമീത് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പപേക്ഷിച്ചു. മാധ്യമപ്രവര്‍ത്തകരെ ജയിലിനുളളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വാദത്തിനായി പത്തുമിനിറ്റ് വീതം ജഡ്ജി അനുവദിച്ചിരുന്നു.
വിധി പുറത്തുവന്ന പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിലാകെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിധി പ്രസ്താവിക്കുന്നതിനിടെ തന്നെ ഗുര്‍മീതിന്റെ അനുയായികള്‍ സിര്‍സയില്‍ രണ്ട് വാഹനങ്ങള്‍ കത്തിച്ചു.