ഏറെ വിവാദങ്ങള്‍ സ്രഷ്ടിച്ച കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. സംഭവത്തില്‍ നടന്‍ ദിലീപിനേയും നാദിര്‍ഷയേയും പൊലീസ് ചോദ്യം ചെയ്തു. നീണ്ട പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചത് വെളുപ്പിന് 1 മണിക്കായിരുന്നു. ഇരുവരെയും വെവ്വേറെ റൂമുകളില്‍ ഇരുത്തിയായിരുന്നു ചോദ്യം ചെയ്തത്.
കേസില്‍ ദിലീപിനും നാദിര്‍ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും മൊഴികള്‍ പരിശോധിക്കുമെന്നും വേണ്ടിവന്നാല്‍ ഇനിയും വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ദിലീപ്നോടും നാദിര്‍ഷയോടും ചോദിക്കാന്‍ ഇനിയും ചോദ്യങ്ങള്‍ ഉണ്ടെന്ന നിലപാടിലാണ് പൊലീസ്.
കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടെന്നും നാളെ നടക്കാനിരിക്കുന്ന അമ്മയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കുമെന്നും ദിലീപ് വ്യക്തമാക്കി.
അതേസമയം, ദിലീപിന്റെയും നാദിർഷയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ ആദ്യമൊക്കെ ദിലീപ് അത് നിഷേധിച്ചെങ്കിലും രേഖകൾ കാണിച്ചപ്പോൾ നടന് സമ്മതിക്കേണ്ടി വന്നു.
ദിലീപും നടിയും തമ്മിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ ചില പിണക്കങ്ങള്‍ ഉണ്ടെന്നാണ് ദിലീപ് പറഞ്ഞത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ തന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടി ഇടപ്പെട്ടതാണ് കാരണമെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.