ദിലീപിനെ വിട്ടയച്ചത് തിരുവനന്തപുരത്ത് നിന്നുമെത്തിയ ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ !

Webdunia
വെള്ളി, 30 ജൂണ്‍ 2017 (08:26 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ നടന്‍ ദിലീപിനെഴുതിയ കത്ത് പുറത്തുവന്നതോടെ കേസില്‍ ആരോപണവിധേയനായ നടനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴികൊടുക്കാനാണ് താന്‍ പോകുന്നതെന്നായിരുന്നു ദിലീപിന്റെ വിശദീകരണം. ഇപ്പോഴിതാ, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
 
ഏകദേശം പന്ത്രണ്ടര മണിക്കൂര്‍ നേരമാണ് പൊലീസ് ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്തത്. മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യല്‍ പൊലീസ് അവസാനിപ്പിച്ചത് തലസ്ഥാനത്ത് നിന്നും ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ .
 
ഇതുവരെ കേസില്‍ പ്രതിയല്ലാത്ത നടനെ വിട്ടയക്കാനായിരുന്നു പൊലീസിന് ലഭിച്ച നിര്‍ദേശം. അഞ്ചുമണിക്കൂര്‍ കൂടി ദിലീപിന്റെ മൊഴി എടുക്കുവാന്‍ പൊലീസ് തീരുമാനിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഫോണ്‍സന്ദേശം എത്തിയതോടെ താരങ്ങളെ വിട്ടയക്കുകയായിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
 
ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രിയായിട്ടും കഴിയാത്തതിനെ തുടര്‍ന്ന് നടന്‍ സിദ്ദിഖ് പൊലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. തുടര്‍ന്നും ഒരു മണിക്കൂര്‍ കൂടി ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. ഇതിനു ശേഷമാണ് താരത്തെ വിട്ടയച്ചത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുളള സംഘം ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചനയെക്കുറിച്ചും ദിലീപ് നല്‍കിയ പരാതിയെക്കുറിച്ചും അന്വേഷണോദ്യഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
Next Article