കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചുവന്ന കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. രാജന്റെ മകളായ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം നടന്നത്. ചാനൽ ചർച്ചകളിൽ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് അഞ്ജന അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അഞ്ജനയുടെ ബന്ധുക്കൾ അറിയിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുട്ടിമാക്കൂലില്‍ സി പി എം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ചുകടന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജുവിന്റെ മക്കള്‍ക്കെതിരെ ഉള്ള കേസ്. നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാനായി ചെന്ന ഈ രണ്ട് പെണ്‍കുട്ടികളും സി പി ഐ എം ഓഫീസിനകത്തു കയറി പാര്‍ട്ടി പ്രവര്‍ത്തകനായ ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.