കൊച്ചി മെട്രൊയുടെ ആദ്യഘട്ടം പൂര്‍ത്തിയാകാന്‍ നാലുവര്‍ഷം എടുത്തതില്‍ നിരാശയുണ്ടെന്ന് ഇ ശ്രീധരന്‍. മെട്രൊയുടെ ആദ്യഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാകും എന്നാണ് താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം വേണിവന്നു. സിവില്‍ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിനു കാരണം. കരാറുകാര്‍ രണ്ടുവര്‍ഷത്തിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2004ല്‍ തുടങ്ങിയ ഈ പദ്ധതി നീണ്ടുപോയതില്‍ തനിക്ക് വിഷമമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടുന്നതിനായി അഞ്ചുവര്‍ഷമാണ് നഷ്ടപ്പെടുത്തിയത്. കേന്ദ്രാനുമതി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രമിച്ചു. പക്ഷേ അനുമതി ലഭിക്കാന്‍ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇടക്കാലത്ത് പദ്ധതിയില്‍ നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ഇ.ശ്രീധരന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഡിഎംആര്‍സി ഇല്ലായിരുന്നെങ്കില്‍ കൊച്ചി മെട്രൊ ഇത്ര പെട്ടെന്ന് പൂര്‍ത്തിയാകില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചെന്നൈ, ബംഗ്‌ളൂരു എന്നിവിടങ്ങളിലെല്ലാം ആറുവര്‍ഷമെടുത്താണ് മെട്രോ പൂര്‍ത്തിയാക്കിയത്‍. ആദ്യഘട്ടത്തില്‍ യാത്രക്കാരെ അധികം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ആലുവ മുതല്‍ പാലാരിവട്ടം വരെ 13കിലോമീറ്റര്‍ വരെ മാത്രമാണുളളത്. നഗരമധ്യത്തിലേക്ക് ആദ്യഘട്ടത്തില്‍ എത്തുന്നുമില്ല. അതിനാല്‍ യാത്രക്കാര്‍ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മെട്രൊയുടേയും അവസ്ഥ ഇതുതന്നെയാണ്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ വളരെ കുറവായിരിക്കും. അതില്‍ പേടിക്കേണ്ടതോ നിരാശപ്പെടേണ്ടതിന്റേയോ കാര്യമില്ല. മെട്രൊയുടെ നീളം കൂടുമ്പോള്‍ യാത്രക്കാരുടെ എണ്ണവും കൂടും. ആദ്യത്തെ ഒരാഴ്ച. അല്ലെങ്കില്‍ പത്തുദിവസം, നല്ല തിരക്കായിരിക്കും മെട്രൊയില്‍. കേരളത്തിലെ എല്ലാവരും മെട്രൊ കാണാനെത്തും. അതിനുശേഷം കുറവു വരുമെന്നും ഇ. ശ്രീധരന്‍ പറയുന്നു.