ജോമോൻ പുത്തൻപുരക്കലിനെതിരെ പരാതി കൊടുത്തത് തന്റെ അറിവോടെയല്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. പൊലീസുകാരനായ വിനോദും കോൺഗ്രസുകാരനായ വാർഡ് മെമ്പർ സുനിലും ചേർന്ന് സർക്കാറിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ എന്നുപറഞ്ഞ് തന്നെക്കൊണ്ട് വെള്ളപേപ്പറിൽ ഒപ്പിടുവിച്ചു. കൂടാതെ 1000 രൂപയും അവര്‍ തനിക്ക് നല്‍കിയെന്നും പാപ്പു പറഞ്ഞു.
മകൾക്കെതിരായ ആരോപണത്തിനെതിരെ പാപ്പു നൽകിയെന്ന് പറയുന്ന ഈ പരാതിയിൽ പട്ടിക ജാതി-വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ എന്നിവ ചുമത്തി ജോമോൻ പുത്തൻപുരക്കലിനെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തിട്ടുണ്ട്.
ജിഷയുടെ വധവുമായി ബന്ധപ്പെട്ട് യു ഡി എഫ് കൺവീനർ പി പി തങ്കച്ചനെതിരെ ജോമോന്‍ പുത്തന്‍പുരക്കൽ ആരോപണമുന്നയിച്ചിരുന്നു. തുടർന്ന് തനിക്കും കുടുംബത്തിനുമെതിരെ ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്നും ജോമോന്റെ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തങ്കച്ചൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ചെയ്തിരുന്നു.