കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു, ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ടെന്ന് സൂചന

Webdunia
തിങ്കള്‍, 30 മെയ് 2016 (13:37 IST)
നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് സൂചന. മരണത്തില്‍ അസ്വാഭാവികതയില്ല എന്ന ആദ്യ സംശയം ശരിയാണെന്നാണ് കേന്ദ്ര ലാബില്‍ നിന്നുള്ള രാസപരിശോധനാഫലം വന്നതിന് ശേഷം പൊലീസ് എത്തിച്ചേര്‍ന്ന നിഗമനം എന്നറിയുന്നു.
 
ഹൈദരാബാദിലെ ലാബില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്‍റെ അംശമുണ്ട്. മീതൈല്‍ ആല്‍ക്കഹോളിന്‍റെ സാന്നിധ്യം കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ കീടനാശിനിയുടെ സാമീപ്യം കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. കേരളത്തിലെ ലാബില്‍ പരിശോധിച്ചപ്പോള്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
 
മണിയുടെ ശരീരത്തില്‍ മീതൈല്‍ ആല്‍ക്കഹോള്‍ എങ്ങനെ വന്നു എന്ന കാര്യത്തില്‍ പൊലീസിന് ഇനി അന്വേഷണം നടത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ കൂടി ശരിയായ ഒരു ഉത്തരം കണ്ടെത്താനായാല്‍ ഈ കേസ് അവസാനിപ്പിക്കാമെന്ന തീരുമാനത്തിലാണ് പൊലീസ് എന്നാണ് അറിയുന്നത്. 
 
കേന്ദ്ര ലാബില്‍ നിന്നുള്ള പരിശോധനാഫലത്തിന്‍റെ റിപ്പോര്‍ട്ടിലെ വിവരം അന്വേഷണോദ്യോഗസ്ഥര്‍ മണിയുടെ വീട്ടിലെത്തി ബന്ധുക്കളെ ധരിപ്പിച്ചു. മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം കൂടി വന്നതിന് ശേഷം അന്തിമ നിലപാട് വ്യക്തമാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
Next Article