കേരളത്തില്‍ ആകെ കുഴപ്പമാണെന്ന പ്രചരണത്തില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതുതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഉള്ള പ്രചരണങ്ങൾ നിക്ഷേപങ്ങളേയും വികസനപരിപാടികളേയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചേർന്ന സർവ കക്ഷി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അക്രമസാധ്യത നിലനില്‍ക്കുന്നില്ലെന്നും നേരത്തെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തില്‍ സമാധാനം നിലനില്‍ക്കാന്‍ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമൂഹ്യ മാധ്യമങ്ങളില്‍ പല തരത്തിലുള്ള പ്രചരണങ്ങള്‍ വരുന്നു. ഇതിനെതിരെ നടപടി വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചരണങ്ങളിൽ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം അറിയിച്ചു.