പിരിവ് നൽകാത്തതിനെ തുടർന്ന് ഷൂട്ടിംഗ് സെറ്റില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന "സച്ചിൻ സണ്‍ ഓഫ് വിശ്വനാഥ്' എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്താണ് കൊടിയുമായി എത്തിയ പത്തോളം പ്രവർത്തകർ ബഹളംവച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൊല്ലം പത്തനാപുരം പള്ളിമുക്കിലെ താലൂക്ക് ഓഫീസ് പരിസരത്തായിരുന്നു സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്. ഈ സമയം പ്രവർത്തന ഫണ്ടിലേക്ക് വൻ തുക പിരിവ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. ഇത്രയും തുക നല്കാന് സാധിക്കില്ലെന്നും പണം കൈവശം ഇല്ലെന്നു നിർമാതാവ് വ്യക്തമാക്കി. ഇതോടെ പ്രവര്‍ത്തകര്‍ തിരികെ പോയി.
ഷൂട്ടിംഗ് സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ പ്രവര്‍ത്തകരുമായി മടങ്ങിപ്പോയവര്‍ തിരിച്ചെത്തിയതോടെയാണ് പ്രശ്നം വഷളായത്. ലൊക്കേഷനിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ചിത്രീകരണം തടസപ്പെടുത്തി. പന്ത്രണ്ടോളം താരങ്ങൾ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.
സംഭവത്തിൽ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പത്തനാപുരം പൊലീസിൽ നിര്‍മാതാവ് പരാതി നല്കി. ഷൂട്ടിംഗ് മുടങ്ങിയതുമൂലം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. രഞ്ജി പണിക്കർ, മണിയൻപിള്ള രാജു, അജു വർഗീസ്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.