പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (14:04 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ  അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര നാണുമല ഇലവിന്‍ മൂട്ടില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ബിഭൂതി അധികാരി എന്ന 30 കാരനാണു നെടുമങ്ങാട് സി.ഐ സ്റ്റുവര്‍ട്ട് ഹീലറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്.
 
പാറ ക്വാറി തൊഴിലാളിയായ ഇയാള്‍ ക്വാറിക്കടുത്തു താമസിക്കുന്ന കുട്ടിയെയാണു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. നിരവധി തവണ പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി. പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ എസ്.എ.റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴണ്‌ കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വെളിപ്പെട്ടത്.
 
തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയാണുണ്ടായത്. വിവരം അറിഞ്ഞ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ റയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുകയാണുണ്ടായത്.