ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് അമ്മ ഇന്ദുലേഖയോട് ചോദിച്ചു, 'മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ?...'

വെള്ളി, 26 ഓഗസ്റ്റ് 2022 (11:19 IST)
സ്വത്ത് തട്ടിയെടുക്കാന്‍ ചായയില്‍ എലിവിഷം കലര്‍ത്തി മകള്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. തൃശൂര്‍ കുന്നംകുളം കീഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (58) കഴിഞ്ഞ ദിവസം മരിച്ചത്. കേസുമായി ബന്ധപ്പെട്ട് മകള്‍ ഇന്ദുലേഖയെ (39) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 
 
ഓഗസ്റ്റ് 18 നാണ് ഛര്‍ദി കാരണം രുഗ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ വിഷാംശം ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഉടനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴും രുഗ്മിണി നന്നായി ഛര്‍ദിക്കുന്നുണ്ടായിരുന്നു. അവശനിലയിലായ രുഗ്മിണിക്ക് അപ്പോള്‍ മകളെ സംശയമുണ്ടായിരുന്നു. ആശുപത്രി കിടക്കയില്‍ കിടന്ന് രുഗ്മിണി ഇന്ദുലേഖയോട് ചോദിച്ചത് ഇങ്ങനെയാണ്- 'മോളേ നീ വല്ല വിഷവും എനിക്ക് കലക്കി തന്നോ?..' അമ്മയുടെ ചോദ്യത്തിനു യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ് ആ സമയത്ത് ഇന്ദുലേഖ മറുപടി കൊടുത്തത്. ' നിങ്ങള്‍ മരണക്കിടക്കയിലാണ്, അതോര്‍ത്ത് സംസാരിച്ചോ' എന്നായിരുന്നു ഇന്ദുലേഖയുടെ വാക്കുകള്‍. രുഗ്മിണിയുടെ ഭര്‍ത്താവും ഇന്ദുലേഖയുടെ അച്ഛനുമായ ചന്ദ്രന്‍ ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. മകളുടെ ഈ വാക്കുകള്‍ ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്തിനാണ് അമ്മയോട് ഇങ്ങനെ പറഞ്ഞതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മയുടെ മോശം ആരോഗ്യാവസ്ഥ കണ്ടപ്പോള്‍ വെറുതെ പറഞ്ഞ് പോയതാണെന്നായിരുന്നു ഇന്ദുലേഖയുടെ മറുപടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍