ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ നീലിമലയിൽ തടഞ്ഞു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

ബുധന്‍, 16 ജനുവരി 2019 (07:20 IST)
ശബരിമല ദർശനത്തിനായെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞു. നേരത്തേ ശബരിമല കയറാനെത്തി മടങ്ങിയ രേഷ്മ നിശാന്തും ഷാനില സജീഷ് എന്ന യുവതിയുമാണ് ശബരിമലയിലെത്തിയത്. പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ ശരണം വിളിച്ച് തടയുകയായിരുന്നു.
 
അതേസമയം, ദർശനം നടത്താതെ മടങ്ങില്ലെന്ന് യുവതികൾ പൊലീസിനെ അറിയിച്ചു. പ്രതിഷേധിച്ച 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികൾക്കൊപ്പമെത്തിയ പുരുഷൻമാരുമായി പൊലീസ് ചർച്ച നടത്തുകയാണ്. പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന്  നടന്നു തുടങ്ങിയത്.
 
അതേസമയം നീലിമലയിലും പരിസരത്തും പ്രതിഷേധം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് പൊലീസ് യുവതികളെ അറിയിച്ചെന്നാണ് വ്യക്തമാകുന്നത്. നേരം പുലര്‍ന്നതോടെ പ്രതിഷേധക്കാര്‍ കൂടുതല്‍ സംഘടിക്കുകയാണ്. എന്നാൽ യുവതികള്‍ നിലപാട് മാറ്റാന്‍ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍