പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ശരണമന്ത്രങ്ങളുമായി ഭക്തലക്ഷങ്ങൾ
ദർശന പുണ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ലക്ഷക്കണക്കിന് അയ്യപ്പൻമാരാണ് മകരജ്യോതി ദർശനത്തിനായി കാത്തിരുന്നത്. ഇതേസമയം ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിഞ്ഞു.
സന്നിധാനത്തും പമ്പയിലുമായി ലക്ഷക്കണക്കിന് അയ്യപ്പൻമാരാണ് മകരജ്യോതി ദർശനത്തിനായി കാത്തിരുന്നത്. 6:34നാണു മകര വിളക്ക് ദൃശ്യമായത്. സന്നിധാനത്തും പാണ്ടിത്താവളത്തിലും മാളികപ്പുറത്തും ആയിരങ്ങളാണ് മകരജ്യോതി കാണാനായി ശരണമന്ത്രങ്ങളുമായി കാത്തിരുന്നത്.
വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. തിരുനടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ തിരുവാഭരണം ഏറ്റുവാങ്ങി.
തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരിയും തിരുവാഭരണം ശ്രീകോവിലിന് അകത്തേക്കു കൊണ്ടു പോയി. തുടർന്നു തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു.